ബഹ്‌റൈച്ച് ജില്ലയിലെ മഹ്‌സി മേഖലയിൽ ആറംഗ ചെന്നായക്കൂട്ടത്തിൻ്റെ മാസങ്ങൾ നീണ്ടുനിന്ന ഭീകരഭരണത്തിന് ഒടുവിൽ വിരാമമായി. കന്നുകാലികളെ ആക്രമിക്കുന്നതിനും ഗ്രാമീണരെ അപകടത്തിലാക്കുന്നതിനും ഉത്തരവാദികളായ അവസാന ചെന്നായയെ ശനിയാഴ്ച പ്രദേശവാസികൾ കൊന്നു.
ആടിനെ വേട്ടയാടാൻ ശ്രമിക്കുന്നതിനിടെയാണ് മൃഗത്തെ തല്ലിക്കൊന്നത്. ഇതോടെ മേഖലയിലേക്കുള്ള ചെന്നായക്കൂട്ടത്തിൻ്റെ ഭീഷണി അവസാനിച്ചു. കഴിഞ്ഞ കുറേ മാസങ്ങളായി, ആളുകളെയും കന്നുകാലികളെയും ആക്രമിക്കുന്ന ചെന്നായകൾ ഗ്രാമവാസികൾക്കിടയിൽ ഭീതി പരത്തിയിരുന്നു.
വനംവകുപ്പ് ചെന്നായ്ക്കളെ പിടികൂടാൻ അക്ഷീണം പ്രയത്നിച്ചെങ്കിലും 24 ദിവസത്തിലേറെയായി അവസാന ചെന്നാ യെ കണ്ടെത്താൻ സാധിച്ചില്ല. സെപ്റ്റംബർ 10 ന് അഞ്ചാമത്തെ ചെന്നായയെ വിജയകരമായി പിടികൂടി. ആറാമത്തെ ചെന്നായയുടെ മരണം നിരന്തരമായ ഭീതിയിൽ കഴിഞ്ഞിരുന്ന ഗ്രാമവാസികൾക്ക് ഏറെ ആശ്വാസം പകരുന്നു.
ഇതിനകം ചെന്നായ്ക്കളുടെ ആക്രമത്തിൽ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെടുകയും 50-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കരുതപ്പെടുന്നു.