പ്രശസ്ത ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സി മിയാമിയിൽ എത്തിയതിന് തൊട്ടുപിന്നാലെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടു .അദ്ദേഹം സഞ്ചരിച്ച കാർ അപ്രതീക്ഷിതമായി ചുവന്ന ട്രാഫിക്ക് ലൈറ്റ് ലംഘിച്ച് കടന്ന് ഒരു കവലയിലേക്ക് പ്രവേശിച്ചു.
മറ്റ് ഡ്രൈവർമാർ ജാഗ്രത പാലിച്ചത് കൊണ്ട് മാത്രം വിനാശകരമായ ഒരു അപകടം ഒഴിവായി.
മെസ്സിയാണോ വണ്ടിയോടിച്ചതെന്ന് വ്യക്തമല്ലെങ്കിലും സംഭവസമയത്ത് അദ്ദേഹം കാറിനുള്ളിൽ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. അർജന്റീനിയൻ ടിവി ചാനലായ ടിവൈസി സ്‌പോർട്‌സിന്റെ ക്യാമറയിൽ സംഭവം പകർത്തി.
ഭാഗ്യവശാൽ മെസ്സി പരിക്കേൽക്കാതെ രക്ഷപ്പെട്ടത് അദ്ദേഹത്തിൻ്റെ ആരാധകർക്ക് ആശ്വാസം നല്കിയിട്ടുണ്ടാകും. മേജർ ലീഗ് സോക്കർ (എംഎൽഎസ്) ക്ലബ്ബായ ഇന്റർ മിയാമി സി എഫി-ന്റെ കളിക്കാരനായി അവതരിപ്പിക്കപ്പെടുന്നതിനു മുന്നോടിയായി ലയണൽ മെസ്സി സകുടുമ്പം അമേരിക്കയിൽ എത്തിയിട്ടുണ്ട്. “ദി അൺവെയൽ” എന്ന് പേരിട്ടിരിക്കുന്ന ഒരു അനാച്ഛാദന ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുമെന്ന് ഇന്റർ മിയാമി സിഎഫ് സ്ഥിരീകരിച്ചു. ടീമിന്റെ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിലാണ് ചടങ്ങ്.
ഇന്റർ മിയാമി ഇതുവരെ മെസ്സിയുമായുള്ള കരാർ ഔദ്യോഗികമാക്കിയിട്ടില്ലെങ്കിലും, മുമ്പ് ലീഗ് 1 ൽ പാരീസ് സെന്റ് ജെർമെയ്‌ന് വേണ്ടി കളിച്ച മെസ്സിയുമായി അവർ ഒരു കരാറിലെത്തിയിട്ടുണ്ട്. ജൂലൈ 21 ന് ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് മത്സരമാണ് മെസ്സിയുടെ അരങ്ങേറ്റമായി ക്ലബ് ലക്ഷ്യമിടുന്നത്.