ഐപിഎൽ 2023 മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ, ഗൗതം ഗംഭീർ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ബാറ്റിംഗ് താരം വിരാട് കോഹ്‌ലി, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ബൗളർ നവീൻ ഉൾ ഹഖ് എന്നിവർക്ക് പിഴ ചുമത്തി.
എൽഎസ്‌ജിയും ആർസിബിയും തമ്മിലുള്ള മത്സരത്തിന് ശേഷം കോഹ്‌ലിയും ഗംഭീറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. എൽഎസ്‌ജിയുടെ വിക്കറ്റ് വീഴുമ്പോഴെല്ലാം കോഹ്‌ലിയുടെ അമിതമായ ആഘോഷം ഗംഭീറിനെ പ്രകോപിച്ചു .
രണ്ട് ടീമുകൾ തമ്മിലുള്ള മുമ്പത്തെ ഏറ്റുമുട്ടലിൽ ആർസിബിയ്‌ക്കെതിരായ എൽഎസ്‌ജിയുടെ ത്രസിപ്പിക്കുന്ന ഒരു വിക്കറ്റ് വിജയത്തിന് ശേഷം എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഗംഭീർ കാണികളോട് നിശബ്ദത പാലിക്കുവാൻ
ആവശ്യപ്പെട്ടിരുന്നു ,അതിൻ്റെ പിന്തുടർച്ചയായിരുന്നു ഈ സംഭവം. തിങ്കളാഴ്ച രാത്രിയിലെ മത്സരത്തിന് ശേഷം, എൽഎസ്ജി ഓപ്പണർ കെയ്ൽ മേയേഴ്സുമായി കോഹ്‌ലി നടത്തിയ സംഭാഷണം ഗംഭീറിന്റെ രോഷം കൂടുതൽ ആളിക്കത്തിച്ചു.
മത്സരത്തിന് ശേഷമുള്ള ഹാൻഡ്‌ഷെയ്‌നിടെ, എൽഎസ്‌ജി ബൗളർ നവീൻ-ഉൾ-ഹഖും കോഹ്‌ലിയുമായി തർക്കിക്കുമ്പോൾ ഗ്ലെൻ മാക്‌സ്‌വെൽ തടഞ്ഞുനിർത്തി. ഗംഭീറും കോഹ്‌ലിയും തമ്മിലുള്ള തർക്കം ഏറ്റുമുട്ടലിൻ്റെ വക്കിലെത്തിയെങ്കിലും ഇരു ടീമുകളിലെയും കളിക്കാരും മാച്ച് ഒഫീഷ്യൽസും സപ്പോർട്ട് സ്റ്റാഫും ചേർന്ന് ഇരുവരെയും പിന്തിരിപ്പിച്ചു.
“ഐപിഎൽ പെരുമാറ്റച്ചട്ട നിയമപ്രകാരം ഗംഭീറിനു മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. അതുപോലെ കോഹ്‌ലിക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തിയി. അതേസമയം, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നവീൻ ഉൾ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി,” ഐപിഎല്ലിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 18 റൺസിന് പരാജയപ്പെടുത്തി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എൽഎസ്ജി ഒമ്പതിന് 126ൽ ഒതുക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ എൽഎസ്ജി 19.5 ഓവറിൽ 108 റൺസിന് എല്ലാവരും പുറത്തായി.