ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം വിരാട് കോഹ്‍ലി ചരിത്രത്തിൽ മറ്റൊരു അധ്യായം കൂടി ചേർത്തു. റെക്കോർഡ് നാലാം തവണയും ഐസിസി പുരുഷന്മാരുടെ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം കരസ്ഥമാക്കി. 2012, 2017, 2018 വർഷങ്ങളിൽ ഈ പുരസ്കാരം നേടിയ കോഹ്‍ലി ഇത്തവണ എബി ഡിവില്ലിയേഴ്സിന്റെ മൂന്ന് പുരസ്കാരങ്ങളുടെ റെക്കോർഡ് മറികടന്ന് ചരിത്രം കുറിച്ചു.
2023 കോഹ്‍ലിയുടെ മികച്ച തിരിച്ചുവരവിന്റെ വർഷമായിരുന്നു. 36 അന്താരാഷ്ട്ര ഇന്നിംഗ്സുകളിൽ നിന്നായി അദ്ദേഹം 2,048 റൺസ് നേടി. 2023 ഐസിസി പുരുഷന്മാരുടെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലെ മികച്ച താരമായതിനുള്ള പുരസ്കാരവും കോഹ്‍ലി സ്വന്തമാക്കി.
35 വയസ്സുകാരനായ ഈ മാസ്റ്റർ ബാറ്റ്സ്മാൻ എട്ട് സെഞ്ചുറികൾ നേടിയിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ശുഭ്മാൻ ഗില്ലിനേക്കാൾ ഒരു സെഞ്ചുറി കൂടുതലാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 2,000 റൺസ് നേടിയ രണ്ട് താരങ്ങളായിരുന്നു കോഹ്‍ലിയും ഗില്ലും. ഗിൽ ഏകദിനത്തിൽ 1584 റൺസ് നേടി മിന്നിയപ്പോൾ ടെസ്റ്റിലും ടി20യിലും മികച്ച പ്രകടനം കാഴ്ചവച്ചാണ് കോഹ്‍ലി 2000 റൺസ് പിന്നിട്ടത്.
കോഹ്‍ലി ഏകദിനത്തിലും നിറഞ്ഞു നിന്നു. 24 ഇന്നിംഗ്സിൽ നിന്നായി 1377 റൺസ് നേടിയ അദ്ദേഹം ആറ് സെഞ്ചുറികളും എട്ട് അർധ സെഞ്ചുറികളും കുറിച്ചു. പ്രധാനമായും, ലോകകപ്പിൽ സച്ചിൻ തെണ്ടുൽക്കറുടെ ഏകദിന സെഞ്ചുറി റെക്കോർഡ് മറികടന്ന് ഈ ഫോർമാറ്റിൽ ആദ്യമായി 50 സെഞ്ചുറി നേടുന്ന താരമാവുകയും ചെയ്തു.