WASP-69b എന്ന് പേരുള്ള ഒരു വിദൂര എക്സോപ്ലാനറ്റ് ജ്യോതിശാസ്ത്രജ്ഞരെ അതിന്റെ ഭീമാകാരമായ ധൂമകേതു പോലെയുള്ള വാൽ കൊണ്ട് അതിശയിപ്പിക്കുന്നു.ഇത് 350,000 മൈൽ നീളമുള്ളതായി കണക്കാക്കപ്പെടുന്നു – അത് ഗ്രഹത്തിന്റെ വ്യാസത്തിന്റെ ഏഴിരട്ടിയാണ്! ഈ ആഴ്ച അമേരിക്കൻ അസ്ട്രോണമിക്കൽ സൊസൈറ്റി മീറ്റിംഗിൽ വെളിപെടുത്തിയ ഈ കണ്ടെത്തൽ ഗ്രഹങ്ങൾ അവയുടെ ആതിഥേയനക്ഷത്രങ്ങൾക്കൊപ്പം എങ്ങനെ പരിണമിക്കുന്നു എന്നതിനെക്കുറിച്ച് പുതിയ വെളിച്ചം വീശുന്നു.
മുമ്പ് ഹീലിയത്തിന്റെ ഒരു ചെറിയ വാൽ ആണെന്ന് ശാസ്ത്രജ്ഞർ സംശയിച്ചിരുന്നു, എന്നാൽ ഹവായിയിലെ കെക്ക് ഒബ്സർവേറ്ററിയിൽ നിന്നുള്ള പുതിയ നിരീക്ഷണങ്ങൾ കണ്ടെത്തിയത് മറ്റൊരു പ്രതിഭാസമാണ്. 160 പ്രകാശവർഷം അകലെയുള്ള ഈ ഗ്രഹത്തിനു അതിന്റെ ആതിഥേയ നക്ഷത്രത്തിൽ നിന്നുള്ള നിരന്തരമായ സൗരവാതത്താൽ സെക്കൻഡിൽ 200,000 ടൺ എന്ന തോതിൽ അന്തരീക്ഷം നഷ്ടപെട്ടുകൊണ്ടിരിക്കുന്നു.
“WASP-69b ഒരു രത്നമാണ്,” UCLA ജ്യോതിശാസ്ത്രജ്ഞനായ എറിക് പെറ്റിഗുര പറയുന്നു. “നമുക്ക് അന്തരീക്ഷ നഷ്ടം തത്സമയം പഠിക്കാം, ഇത് മൂലം എണ്ണമറ്റ മറ്റ് ഗ്രഹങ്ങളെ രൂപപ്പെടുത്തുന്ന നിർണായക ഭൗതികശാസ്ത്രം മനസ്സിലാക്കാൻ കഴിയുന്നു.”
വാൽനക്ഷത്രം പോലെയുള്ള ഈ വാൽ, WASP-69b-യും അതിന്റെ നക്ഷത്രവും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് കൂടുതൽ അറിവുകൾ നല്കും . ഈ വാൽ നക്ഷത്രവുമായി എങ്ങനെ ഇടപഴകുന്നു എന്ന് നിരീക്ഷിക്കുന്നത് ഗ്രഹ പരിണാമത്തെക്കുറിച്ചുള്ള സുപ്രധാന ഉൾക്കാഴ്ചകൾ വെളിപ്പെടുത്തും.
“അറിയപ്പെടുന്ന ഭൂരിഭാഗം എക്സോപ്ലാനറ്റുകൾക്കും, അന്തരീക്ഷ നഷ്ടം വളരെക്കാലം മുമ്പാണ് സംഭവിച്ചതെന്ന് ഞങ്ങൾ കരുതുന്നു,” പെറ്റിഗുര വിശദീകരിക്കുന്നു. “WASP-69b യിൽ ഇത് തത്സമയം കാണാനുള്ള അപൂർവ അവസരം ഞങ്ങൾക്ക് ലഭിക്കുന്നു.”
WASP-69b-യുടെ പ്രതിരോധശേഷി വിസ്മയം ജനിപ്പിക്കുന്നു. ഓരോ ബില്യൺ വർഷത്തിലും ഒരു ഭൂമിയുടെ പിണ്ഡം നഷ്ടപ്പെടുന്നത് പ്രാധാന്യമർഹിക്കുന്നതായി തോന്നിയേക്കാം, എന്നാൽ ഈ ഭീമ ഗ്രഹത്തെ സംബന്ധിച്ചിടത്തോളം ഇത് “യഥാർത്ഥത്തിൽ വലുതല്ല”, പഠന സഹ-രചയിതാവ് ഡക്കോട്ട ടൈലർ പറയുന്നു. ”
വിശാലമായ ബഹിരാകാശത്ത് കണ്ടെത്താൻ കാത്തിരിക്കുന്ന അത്ഭുതങ്ങളുടെ തെളിവാണ് WASP-69b യുടെ കഥ. ഓരോ പുതിയ വെളിപ്പെടുത്തലിലും, പ്രപഞ്ചത്തെയും അതിനുള്ളിലെ നമ്മുടെ സ്ഥാനത്തെയും മനസ്സിലാക്കുന്നതിലേക്ക് നാം കൂടുതൽ അടുക്കുന്നു.