You are currently viewing ‘മൃഗങ്ങളെയല്ല, മനുഷ്യരെ മാത്രമേ ഞങ്ങൾ ഭയപ്പെട്ടിരുന്നുള്ളൂ’: കർണാടകയിൽ രണ്ടു കുട്ടികളോടൊപ്പം ഗുഹയിൽ കണ്ടെത്തിയ റഷ്യൻ സ്ത്രീ പറയുന്നു

‘മൃഗങ്ങളെയല്ല, മനുഷ്യരെ മാത്രമേ ഞങ്ങൾ ഭയപ്പെട്ടിരുന്നുള്ളൂ’: കർണാടകയിൽ രണ്ടു കുട്ടികളോടൊപ്പം ഗുഹയിൽ കണ്ടെത്തിയ റഷ്യൻ സ്ത്രീ പറയുന്നു

ഉത്തര കന്നഡ (കർണാടക): കർണാടകയിലെ ഗോകർണത്തിനടുത്തുള്ള രാമതീർത്ഥ കുന്നിൻ മുകളിലുള്ള ഒരു  ഗുഹയിൽ 40 വയസ്സുള്ള റഷ്യൻ സ്വദേശിയായ നീന കുടിന തന്റെ രണ്ട് പെൺമക്കളോടൊപ്പം പൂർണ്ണമായും ഒറ്റപ്പെട്ട നിലയിൽ താമസിക്കുന്നതായി കഴിഞ്ഞ ജൂലൈ 9 കണ്ടെത്തി. പതിവ് പോലീസ് പട്രോളിംഗിനിടെ കണ്ടെത്തുന്നതിന് മുമ്പ് രണ്ടുമാസത്തോളം കുടുംബം കാട്ടിൽ താമസിച്ചിരുന്നതായി അധികൃതർ  വെളിപ്പെടുത്തി.

കുടിന താമസിച്ചിരുന്ന പ്രദേശം മണ്ണിടിച്ചിലിന് സാധ്യതയുള്ളതും വിഷപ്പാമ്പുകളുടെ ആവാസ കേന്ദ്രവുമാണ്, പക്ഷേ അവരുടെ അഭിപ്രായത്തിൽ പ്രകൃതി അവർക്ക് ഒരു ഭീഷണിയും ഉയർത്തിയില്ല. “ഞങ്ങളെ ഒരിക്കൽ പോലും ഒരു പാമ്പ്  ഉപദ്രവിച്ചിട്ടില്ല. ഒരു മൃഗം പോലും ഞങ്ങളെ ആക്രമിച്ചിട്ടില്ല, ഞങ്ങൾ ഭയപ്പെട്ട ഒരേയൊരു കാര്യം ആളുകളെയായിരുന്നു,” അവർ ഒരു പോലീസ് ഉദ്യോഗസ്ഥനോടും ഒരു സുഹൃത്തിനോടും പറഞ്ഞതായി റിപ്പോർട്ടുണ്ട്.

കുടിന തന്റെ പെൺമക്കൾ ജനിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ്, 2017 മുതൽ കാലഹരണപ്പെട്ട വിസയിൽ ഇന്ത്യയിൽ താമസിച്ചിരുന്നു.  ഗുഹയിൽ താമസിക്കാനുള്ള തീരുമാനം ആത്മീയമായ ഒന്നാണെന്ന് അവർ അവകാശപ്പെട്ടു – ഏകാന്തത, ധ്യാനം, പ്രകൃതിയുമായുള്ള ആശയവിനിമയം എന്നിവയ്ക്കുള്ള ആഗ്രഹത്താൽ അവർ നയിക്കപ്പെട്ടു. ഗുഹയ്ക്കുള്ളിൽ, അവർ ഒരു രുദ്ര വിഗ്രഹം സ്ഥാപിക്കുകയും ദൈനംദിന പൂജകളും ധ്യാനങ്ങളും നടത്തുകയും ചെയ്തുവെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.

അവളുടെ കണ്ടെത്തലിനുശേഷം, അവളെയും അവളുടെ പെൺമക്കളെയും ആദ്യം ഒരു പ്രാദേശിക ആശ്രമത്തിലേക്ക് മാറ്റി, പിന്നീട് അവരുടെ സുരക്ഷയ്ക്കായി കാർവാറിലെ സർക്കാർ നടത്തുന്ന ഒരു വനിതാ കേന്ദ്രത്തിലേക്ക് മാറ്റി. അപകടകരമായ ഭൂപ്രദേശവും കുട്ടിനയുടെ കാലഹരണപ്പെട്ട വിസയും ഇടപെടലിനുള്ള കാരണങ്ങളായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കുടുംബത്തെ റഷ്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിക്കുകയാണ്, അവരുടെ സ്വദേശത്തേക്ക് മടങ്ങാൻ സൗകര്യമൊരുക്കാൻ റഷ്യൻ എംബസിമായും ബന്ധപ്പെട്ടിട്ടുണ്ട്.

എന്നാൽ  പോലീസ് അവരെ പുനരധിവസിപ്പിച്ചതിൽ അവർ ദുഃഖം പ്രകടിപ്പിച്ചു, കാനന ജീവിതത്തെ “സുന്ദരവും സുഖകരവും ” എന്നും  കാട്ടിലെ ജീവിതശൈലി ആരോഗ്യകരവും എന്ന്  വാദിച്ചു. “മഴയും പ്രകൃതിയും ഞങ്ങൾക്ക് സന്തോഷവും ആരോഗ്യവും നൽകി,” അവർ  അപകടത്തിലായിരുന്നു എന്ന സമൂഹത്തിൻറെ ധാരണ നിരസിച്ചുകൊണ്ട് അവർ പറഞ്ഞു.

കുട്ടികളുടെ പിതാവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ കുട്ടിന തയ്യാറായിട്ടില്ലെന്നും കുടുംബ പശ്ചാത്തലത്തെക്കുറിച്ച് അധികൃതർ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.

Leave a Reply