You are currently viewing പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ധന ലഭ്യതയും  വില സ്ഥിരതയും ഉറപ്പാക്കുമെന്ന് പെട്രോളിയം മന്ത്രാലയം

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ധന ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുമെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ശക്തമാകുന്ന സംഘർഷാവസ്ഥയിനിടെ രാജ്യത്ത് ഇന്ധന ലഭ്യതയും വില സ്ഥിരതയും ഉറപ്പാക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു.
കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദിത് സിംഗ് പുരി തിങ്കളാഴ്ച ക്രൂഡ് ഓയിൽ, എൽപിജി, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണ സ്ഥിതിഗതികൾ വിലയിരുത്തി.

മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപനങ്ങളായ പി.എസ്.യു.കളിലെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തെ തുടർന്നുള്ള തയ്യാറെടുപ്പുകളാണ് പരിശോധിച്ചത്.
പ്രദേശത്തെ സംഭവവികാസങ്ങൾ മന്ത്രാലയം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ധനത്തിന്റെ ലഭ്യതയും വിലക്കുറവും നിലനിർത്തുന്നതാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്ന് മന്ത്രാലയം അറിയിച്ചു.

സർക്കാർ വൃത്തങ്ങൾ നൽകിയ വിവരങ്ങൾ പ്രകാരം, നിലവിൽ ഇന്ത്യയ്ക്ക് ക്രൂഡ് ഓയിലും ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളും ചേർത്ത് ഏകദേശം 25 ദിവസത്തേക്കുള്ള ശേഖരം ലഭ്യമാണ്. ഇതിൽ തന്ത്രപ്രധാന സംഭരണവും എണ്ണ വിപണന കമ്പനികളും റിഫൈനറികളും സൂക്ഷിക്കുന്ന വാണിജ്യ ശേഖരവും ഉൾപ്പെടുന്നു.

ഇന്ത്യയുടെ തന്ത്രപ്രധാന പെട്രോളിയം സംഭരണശേഷി ഏകദേശം 5.33 മില്യൺ മെട്രിക് ടൺ ആണ്. ഇത് രാജ്യത്തിന്റെ 10 മുതൽ 12 ദിവസം വരെയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകുമെന്ന് കണക്കാക്കുന്നു. എന്നാൽ വാണിജ്യ ശേഖരവും ചേർന്നാൽ ആകെ ലഭ്യത 25 ദിവസത്തേക്ക് ഉയരുന്നതായാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് പോലുള്ള പ്രധാന കടൽമാർഗങ്ങളിൽ വിതരണ തടസ്സങ്ങൾ ഉണ്ടായാലും നിലവിലെ ശേഖരം പ്രതിരോധ കാവലായി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടയിലും പെട്രോൾ-ഡീസൽ വിലയിൽ താൽക്കാലിക വർധന ഒഴിവാക്കാൻ നിലവിലെ ശേഖരം സഹായകരമാകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും രാജ്യത്തെ ഇന്ധനവിതരണം സ്ഥിരതയോടെ തുടരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം ആവർത്തിച്ചു.

Leave a Reply