
എയർ ഇന്ത്യയുടെ ഇന്ത്യ–യുഎസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവരിൽ 30 ശതമാനം വരെ പേർ വീൽചെയർ ആവശ്യപ്പെടുന്നതായി എയർ ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇവരില്‍ പലരും ആരോഗ്യമുള്ളവരാണെന്നും, ബോർഡിംഗ് മുൻഗണന നേടുന്നതിനും സുരക്ഷാ പരിശോധനകള്‍ വേഗത്തില്‍ കടന്നുപോകുന്നതിനുമായി സേവനം ദുരുപയോഗം ചെയ്യുന്നതാണെന്നും എയർലൈൻ അറിയിച്ചു. ഇതുവഴി യഥാർത്ഥ ആവശ്യക്കാരായ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യുന്നു.
2025 തുടക്കത്തിൽ ശ്രദ്ധയിൽപ്പെട്ട ഈ പ്രശ്‌നം, അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റുകൾ കാരണം വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. അന്തർദേശീയ യാത്രാ റൂട്ടുകളിൽ പ്രവർത്തിക്കുന്ന സ്റ്റാഫിന് ഇത് അധികഭാരം സൃഷ്ടിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ പറയുന്നു.
ദുരുപയോഗം നിയന്ത്രിക്കാൻ, ഒക്ടോബർ 31-ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.
മെഡിക്കൽ രേഖകളുള്ള യാത്രക്കാരെ ഒഴിവാക്കി മറ്റുള്ളവർക്ക് വീൽചെയർ സേവനത്തിന് ₹2,000 മുതൽ ₹5,000 വരെ ഫീസ് ഈടാക്കാൻ എയർലൈൻസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
ഫീസ് ഏർപ്പെടുത്തുന്നതിലൂടെ അനാവശ്യ അഭ്യർത്ഥനകൾ കുറയുകയും യഥാർത്ഥ ആവശ്യക്കാരിലേക്ക് സേവനം കേന്ദ്രീകരിക്കാനുമാകും എന്നാണ് പ്രതീക്ഷ. ഇതോടൊപ്പം, വൈകല്യമുള്ള യാത്രക്കാർക്ക് ആവശ്യമായ സ്റ്റാഫും ഗുണമേന്മയുള്ള സേവനവും ഉറപ്പാക്കണമെന്ന് ഡിജിസിഎ എയർലൈൻസുകൾക്ക് നിർദ്ദേശിച്ചിട്ടുണ്ട്.
