ജനവാസമേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങി ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിക്കുന്ന സാഹചര്യത്തിൽ, ഉടൻ തന്നെ ആ മൃഗത്തെ വധിക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്ന കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഭേദഗതി കൊണ്ടുവരുന്നത്.
നിലവിലുള്ള കേന്ദ്രനിയമത്തിലും കേന്ദ്രസർക്കാർ പുറത്തിറക്കിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിലും കാണുന്ന കാലതാമസവും പ്രായോഗിക പ്രശ്നങ്ങളും ഒഴിവാക്കിയാണ് അടിയന്തരനടപടികൾക്ക് വഴിയൊരുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കുന്നു. സംരക്ഷിക്കപ്പെടേണ്ട ജീവികളുടെ സംരക്ഷണത്തിൽ നിയമപ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരും.
വന്യജീവി ആക്രമണത്തിൽ ഗുരുതര പരിക്ക് സംഭവിച്ചാൽ, ജില്ലാ കളക്ടറോ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോ റിപ്പോർട്ട് നൽകിയാൽ, മറ്റ് നടപടിക്രമങ്ങൾക്കായി സമയം നഷ്ടപ്പെടുത്താതെ തന്നെ ചീഫ് വൈൽഡ് ലൈഫ് വാർഡന് കൊലപ്പെടുത്തൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കാൻ കഴിയും.
പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനനനിയന്ത്രണം, മറ്റ് പ്രദേശങ്ങളിലേയ്ക്ക് മാറ്റിപ്പാർപ്പിക്കൽ തുടങ്ങിയ നടപടികൾക്കും ബിൽ അനുമതി നൽകുന്നു. ഇതിനായി ഇനി കേന്ദ്രസർക്കാരിന്റെ അനുമതി ആവശ്യമില്ല.
പട്ടിക രണ്ടിലെ വന്യമൃഗങ്ങളെ അവരുടെ ജനസംഖ്യ നിയന്ത്രണം വിട്ടാൽ സംസ്ഥാന സർക്കാർ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരവും ബിൽ നൽകുന്നു. ഒരിക്കൽ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ, അവയെ ആരും ഏതുവിധത്തിലും കൊല്ലാം, ഇറച്ചി ഭക്ഷിക്കുന്നതിനും തടസ്സമില്ല.
കൂടാതെ, നാടൻ കുരങ്ങുകളെ പട്ടിക ഒന്നിൽ നിന്നും പട്ടിക രണ്ടിലേക്ക് മാറ്റുന്നതിനുള്ള വ്യവസ്ഥയും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
