അട്ടപ്പാടി, ഫെബ്രുവരി 4: അട്ടപ്പാടി പുത്തൂർ ഗ്രാമപഞ്ചായത്തിലെ ഭൂതയാറിൽ പുതിയ തേൻസംസ്കരണ ശാലയുടെയും സഹ്യ ഡ്യൂ ഉത്പന്നത്തിന്റെയും ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. പട്ടികവർഗ വികസന വകുപ്പ് പിന്തുണയോടെ നടപ്പിലാക്കുന്ന ഈ പദ്ധതി, കുരുമ്പ ആദിവാസി സമൂഹത്തിലെ ആളുകൾക്ക് ശാസ്ത്രീയമായി തേൻ ശേഖരണം, സംസ്‌കരണം, വിപണനം എന്നിവയിലൂടെ സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ സഹായിക്കും.
പൂതൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുറുമ്പ വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പി.വി.ടി.ജി എസ്.ടി സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിലാണ് സംസ്‌കരണ ശാല പ്രവർത്തിക്കുക.
ശാസ്ത്രീയമായി തേന്‍ തരംതിരിച്ച് സംസ്‌കരിക്കുന്നതിനും ജലാംശം പരിമിതപ്പെടുത്തി തേനിന്റെ ശുദ്ധത ഉറപ്പുവരുത്തുന്നതിനുമുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സംസ്‌കരണശാലയാണ് സ്ഥാപിച്ചിരിക്കുന്നത്. അഗ്നിശമന സേനയുടെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ശാസ്ത്രീയ പരിശീലനം നൽകി കാടുകളിൽ നിന്ന് സുരക്ഷിതമായി തേൻ ശേഖരിക്കാനും അടിയന്തരാവസ്ഥകളിൽ പ്രഥമ ശുശ്രൂഷ നൽകാനും ശേഷിയുള്ളവരാക്കുന്നു.ഏറ്റവും കൂടുതൽ തേൻ ലഭിക്കുന്ന രണ്ടു കാലയളവിൽ (ഫെബ്രുവരി-മാർച്ച്, ജൂലൈ-സെപ്റ്റംബർ) ഏകദേശം അഞ്ച് ടൺ തേൻ ശേഖരിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. ഒരു കിലോ തേന് ₹1200 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്, ഇത് ആദിവാസി കുടുംബങ്ങൾക്ക് ഗുണകരമായ വരുമാന മാർഗ്ഗം നൽകും. തേന്‍ സംസ്‌കരണത്തോടൊപ്പം ഉപോത്പന്നമായ മെഴുകും മൂല്യ വര്‍ദ്ധിത ഉത്പന്നമാക്കാനാണ് പദ്ധതി.