
ന്യൂഡൽഹി: 2026-ൽ ഇന്ത്യയിലും ശ്രീലങ്കയിലും സംയുക്തമായി നടക്കാനിരിക്കുന്ന ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയിൽ മത്സരങ്ങൾ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഇൻറർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) ഔദ്യോഗികമായി അറിയിച്ചു. സുരക്ഷാ ആശങ്കകളും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മുസ്തഫിസുർ റഹ്മാനെ ടീമിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.

ഡിസംബർ 2025-ൽ നടന്ന ഐപിഎൽ ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുസ്തഫിസുർ റഹ്മാനെ സ്വന്തമാക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങളും ബിസിസിഐയുടെ നിർദേശവും പരിഗണിച്ച് നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ ടീമിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇതോടൊപ്പം, ഇന്ത്യയിൽ കളിക്കുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ വിഷയങ്ങൾ ഉന്നയിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നിലപാട് കടുപ്പിച്ചത്.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ വേദികളിലേക്ക് ടീമിനെ അയക്കില്ലെന്ന് ബിസിബി ഐസിസിയെ അറിയിക്കുകയും, തങ്ങളുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
നിലവിലെ ഷെഡ്യൂൾ പ്രകാരം 2026 ഫെബ്രുവരി 7-ന് കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ബംഗ്ലാദേശിന്റെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 9, 14, 17 തീയതികളിൽ യഥാക്രമം ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾക്കെതിരെയും ഇന്ത്യയിൽ മത്സരങ്ങൾ നിശ്ചയിച്ചിരുന്നതാണ്.
ബംഗ്ലാദേശിന്റെ ആവശ്യത്തിൽ ഐസിസി എടുക്കുന്ന അന്തിമ തീരുമാനം ലോകകപ്പ് സംഘാടകർക്കും ആരാധകർക്കും ഒരുപോലെ നിർണായകമാകും.