
കോഴിക്കോട്: മുസ്ലിം ലീഗ് വനിതാ വിഭാഗമായ വനിതാ ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി അഡ്വ. നൂർബിന റഷീദ് രാജിവെച്ചു. ഇന്ന് കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അവർ തന്റെ രാജി പ്രഖ്യാപിച്ചത്.

കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടികയിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് നൂർബിന റഷീദ് വ്യക്തമാക്കി. വനിതാ ലീഗിനെ പാർട്ടി നേതൃത്വം വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും, സംഘടനയെ വളർത്തിയെടുത്ത മുതിർന്ന നേതാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്നും അവർ ആരോപിച്ചു.
ഹരിത വിവാദങ്ങളുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ആരോപിക്കുന്ന ഫാത്തിമ തഹ്‌ലിയയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതിനെതിരെ ശക്തമായ എതിർപ്പും അവർ രേഖപ്പെടുത്തി.
ദേശീയ ജനറൽ സെക്രട്ടറി സ്ഥാനമാണ് രാജിവെച്ചതെങ്കിലും മുസ്ലിം ലീഗ് അംഗത്വത്തിൽ തുടരുമെന്ന് അവർ വ്യക്തമാക്കി. രാജിയിലൂടെ പാർട്ടി നേതൃത്വത്തിന് വ്യക്തമായ സന്ദേശം നൽകാനാണ് ശ്രമമെന്നും അവർ കൂട്ടിച്ചേർത്തു.