
തിരുവനന്തപുരം: കെഎസ്ആർടിസി യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി ബസ്സിനുള്ളിൽ ഭക്ഷണം എത്തിക്കുന്ന പുതിയ സേവനം ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. ചിക്കിംഗ് കമ്പനിയുമായി സഹകരിച്ചാണ് കെഎസ്ആർടിസി ഈ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അഞ്ച് ബസ്സുകളിലാണ് ഈ സംവിധാനം നടപ്പിലാക്കുക.

യാത്രക്കാർക്ക് ബസ്സിനുള്ളിൽ ലഭ്യമാക്കിയിരിക്കുന്ന മെനുവിൽ നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം തെരഞ്ഞെടുത്ത് ഓർഡർ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും. തിരുവനന്തപുരം മുതൽ മൂകാംബികയിലേക്കും ബാംഗ്ലൂരിലേക്കും സർവീസ് നടത്തുന്ന വോൾവോ ബസുകളിലാണ് ആദ്യം ഈ സേവനം ആരംഭിക്കുന്നത്.
പദ്ധതി വിജയകരമായി നടപ്പിലായാൽ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം ബസുകളിലേക്കും ഭക്ഷണ സേവനം വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതിന് പുറമെ, യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി ചിക്കിംഗിന്റെ ഔട്ട്ലെറ്റുകളിൽ ബസുകൾ നിർത്തി നൽകുന്നതിനും ക്രമീകരണം ഉണ്ടാകും.