
മലയോര ഹൈവേയിൽ കോളിച്ചാൽ ടൗണിൽ ഇന്നലെ രാത്രി ഏഴുമണിയോടെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവാവ് ദാരുണമായി മരിച്ചു. ഭാര്യയോടും ഒന്നര വയസ്സുള്ള കുഞ്ഞിനോടും കൂടി യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടറിലേക്കാണ് അമിതവേഗതയിൽ എത്തിയ കാർ ഇടിച്ചത്.

അപകടത്തിൽ മരിച്ചത് മാലക്കല്ല് പള്ളി ഇടവകാംഗവും പനത്തടി വെള്ളക്കല്ല് സ്വദേശിയുമായ ജിംസൺ ആണ്. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കുഞ്ഞ് അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി വീട്ടിൽ നിന്ന് പുറപ്പെട്ടപ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട അമിതവേഗതയിലെത്തിയ കാർ സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ ഭാര്യയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.