You are currently viewing 14 ലക്ഷം യാത്രക്കാർ: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്

14 ലക്ഷം യാത്രക്കാർ: നഗര ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിച്ച കൊച്ചി മെട്രോ ഫീഡർ ബസ് സർവീസിന് ഒരു വയസ്

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) ഇലക്ട്രിക് ഫീഡർ ബസ് സർവീസ് ‘മെട്രോ കണക്ട്’ ഒരു വർഷം പൂർത്തിയാക്കുന്നു. മെട്രോ റെയിലും വാട്ടർ മെട്രോയിലേക്കുമുള്ള ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ഈ സർവീസ്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നഗര ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഗതാഗത സംവിധാനമായി മാറി.

2025 ജനുവരി 15-ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അർബൻ ഫീഡർ സർവീസിന്റെ പ്രവർത്തനം ജനുവരി 16-നാണ് ആരംഭിച്ചത്. മെട്രോയും വാട്ടർ മെട്രോയും പൂർണ ശേഷിയിൽ ഉപയോഗിക്കപ്പെടുന്നതിന് തടസ്സമായിരുന്ന കണക്ടിവിറ്റി ഗ്യാപ് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. എന്നാൽ കാര്യക്ഷമമായ പ്രവർത്തനം, സുഖകരമായ യാത്രാനുഭവം, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിലൂടെ ഈ ഇലക്ട്രിക് ഫീഡർ ബസ് സംവിധാനം നഗരത്തിലെ മികച്ച റോഡ് ഗതാഗത ബദലായി വളർന്നു. സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെയും ഫ്രഞ്ച് ധനകാര്യ സ്ഥാപനം എഎഫ്‌ഡിയുടെ സാമ്പത്തിക സഹായത്തോടെയുമാണ് പദ്ധതി നടപ്പാക്കിയത്.

ആദ്യ വർഷം തന്നെ ആറ് പ്രധാന റൂട്ടുകളിലായി സർവീസ് വ്യാപിപ്പിച്ച ഫീഡർ ബസ് സംവിധാനം, 15 ഇലക്ട്രിക് ബസുകൾ, ഏഴ് ചാർജിങ് യൂണിറ്റുകൾ, ഒരു ഡിപ്പോ എന്നിവയടങ്ങിയ ശൃംഖലയായി വികസിച്ചു. പ്രതിദിനം ശരാശരി 2,300 കിലോമീറ്റർ സർവീസ് നടത്തുന്ന ഈ സംവിധാനം, ഒരു വർഷത്തിനിടെ ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ പിന്നിട്ടു.
ഈ കാലയളവിൽ 14 ലക്ഷം യാത്രക്കാരാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസിന്റെ ഗുണഭോക്താക്കളായത്. ആലുവ–സിയാൽ വിമാനത്താവളം റൂട്ടാണ് ഏറ്റവും കൂടുതൽ യാത്രക്കാരെ ആകർഷിച്ചത്. മെഡിക്കൽ കോളേജ്, കടവന്ത്ര–പനമ്പിള്ളി നഗർ, ഹൈക്കോർട്ട് സർക്കുലർ തുടങ്ങിയ റൂട്ടുകളും മികച്ച പ്രതികരണം നേടി.

“കൊച്ചി മെട്രോയുടെ സമഗ്ര ഗതാഗത ദർശനത്തിലെ നിർണായക ഘടകമാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസ്. ആദ്യ വർഷത്തിലെ വിജയം, അവസാന മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനൊപ്പം പൊതു ഗതാഗത ഉപയോഗം വർധിപ്പിക്കാനും സുസ്ഥിര നഗരവികസനത്തിന് പിന്തുണ നൽകാനും കഴിയുമെന്ന് തെളിയിക്കുന്നു. മെട്രോ റെയിലിന്റെയും വാട്ടർ മെട്രോയുടെയും യാത്രക്കാരുടെയും വരുമാനത്തിന്റെയും വർധനവിലും ഫീഡർ സർവീസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്,” കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഡാറ്റ അനാലിറ്റിക്സ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തന ക്രമീകരണമാണ് ആദ്യ വർഷത്തിലെ പ്രധാന നേട്ടങ്ങളിലൊന്ന്. സർവീസും ചാർജിംഗും ഒപ്റ്റിമൈസ് ചെയ്തതിലൂടെ യാത്രക്കാരിലും വരുമാനത്തിലും 15 ശതമാനം വളർച്ച കൈവരിച്ചു. ഫെയർ സിസ്റ്റം, ബസ് ടെലിമാറ്റിക്സ്, ചാർജിങ് ഇൻഫ്രാസ്ട്രക്ചർ എന്നിവ ഏകീകരിച്ച ആധുനിക ഡാറ്റ അനാലിറ്റിക്സ് പ്ലാറ്റ്‌ഫോം കെഎംആർഎൽ സജ്ജമാക്കിയിട്ടുണ്ട്. ഗിസ് ഇന്ത്യയും കേന്ദ്ര നഗരവികസന മന്ത്രാലയവും ചേർന്ന് നടപ്പാക്കുന്ന സസ്റ്റെയിനബിൾ മൊബിലിറ്റി ആൻഡ് ക്ലൈമറ്റ് ആക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത്.

സേവന നിലവാരവും യാത്രക്കാരുടെ സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി, എസ്‌സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷന്റെ സഹകരണത്തോടെ ഫീഡർ ബസ് ജീവനക്കാർക്ക് ബിഹേവിയറൽ ചെയ്ഞ്ച്, റോഡ് സേഫ്റ്റി തുടങ്ങിയ വിഷയങ്ങളിൽ പരിശീലനവും പുരോഗമിക്കുകയാണ്.
“പരിസ്ഥിതി അപകടസാധ്യത കൂടുതലുള്ള നഗരത്തിൽ പോലും കാര്യക്ഷമവും സാമ്പത്തികമായി സുസ്ഥിരവുമായ ഇലക്ട്രിക് ബസ് സംവിധാനം നഷ്ടമില്ലാതെ നടത്താൻ കഴിയുമെന്ന് മെട്രോ കണക്ട് തെളിയിച്ചിട്ടുണ്ട്. കൃത്യമായ ആസൂത്രണവും ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കുന്ന സമീപനവും ഉണ്ടെങ്കിൽ മികച്ച പൊതു ഗതാഗതം സാധ്യമാണെന്ന് ഈ വിജയം വ്യക്തമാക്കുന്നു,” കെഎംആർഎൽ അർബൻ ട്രാൻസ്പോർട്ട് അഡീഷണൽ ജനറൽ മാനേജർ ഗോകുൽ ടി.ജി. പറഞ്ഞു.
യാത്രക്കാരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി സർവീസ് സമയം, റൂട്ടുകളുടെ വിപുലീകരണം, സേവനം ലഭിക്കാത്ത പ്രദേശങ്ങളിലേക്കുള്ള പുതിയ സർവീസുകൾ എന്നിവ കെഎംആർഎൽ നടപ്പാക്കി വരികയാണ്. രണ്ടാം വർഷത്തിൽ ലൈവ് ജിടിഎഫ്എസ് അടിസ്ഥാനമാക്കിയുള്ള റിയൽടൈം വാഹന ട്രാക്കിംഗ് സംവിധാനം നടപ്പാക്കാനും പദ്ധതിയുണ്ട്. ഇതോടെ ബസുകളുടെ തത്സമയ വിവരം ലഭിക്കുകയും കാത്തിരിപ്പ് സമയം കുറയുകയും ചെയ്യും.

ഇൻ-വെഹിക്കിൾ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും ഉടൻ അവതരിപ്പിക്കും.
ഒരു വർഷത്തിനുള്ളിൽ കൈവരിച്ച ഈ നേട്ടങ്ങളോടെ, ഇന്റഗ്രേറ്റഡ്, ഇലക്ട്രിക്, ഡാറ്റ അധിഷ്ഠിത നഗര ഗതാഗതത്തിന്റെ ദേശീയ മാതൃകയായി കൊച്ചി മെട്രോയുടെ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് മാറിക്കൊണ്ടിരിക്കുകയാണ്.

Leave a Reply