You are currently viewing 64-ാം സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന് സ്വർണ്ണ കപ്പ്

64-ാം സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂരിന് സ്വർണ്ണ കപ്പ്

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല സ്വർണ്ണ കപ്പ് നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ആതിഥേയരായ തൃശ്ശൂർ ജില്ലയെ അഞ്ചു പോയിൻ്റിന് പിന്നിലാക്കി കണ്ണൂർ കിരീടം സ്വന്തമാക്കുകയായിരുന്നു.

മത്സരങ്ങളിൽ കണ്ണൂർ ജില്ല 1025 പോയിൻ്റ് നേടിയപ്പോൾ, 1018 പോയിൻ്റുമായി തൃശ്ശൂർ രണ്ടാം സ്ഥാനത്തെത്തി. കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനം നേടിയത്. കഴിഞ്ഞ വർഷം തൃശ്ശൂർ ഒന്നാം സ്ഥാനത്തും കണ്ണൂർ മൂന്നാം സ്ഥാനത്തുമായിരുന്നു.
സ്കൂൾ വിഭാഗത്തിൽ പാലക്കാട് ജില്ലയിലെ ആലത്തൂർ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂൾ 121.1 പോയിൻ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.

തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് നടന്ന വർണ്ണാഭമായ സമാപനച്ചടങ്ങിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇത് കണ്ണൂർ ജില്ലയുടെ ആറാമത്തെ സംസ്ഥാന സ്കൂൾ കലോത്സവ കിരീടനേട്ടമാണ്. 2024-ലാണ് കണ്ണൂർ ഇതിനുമുമ്പ് അവസാനമായി സ്വർണ്ണ കപ്പ് നേടിയത്. കലാപ്രതിഭകളുടെ മികവും കഠിനമായ പരിശീലനവും ഈ വിജയത്തിന് വഴിവച്ചതായി വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തെ പ്രമുഖർ വിലയിരുത്തി.

Leave a Reply