You are currently viewing ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചു; കുറ്റിപ്പുറത്ത് 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഗർഭിണിയായ അമ്മ ഉൾപ്പെടെ 5 പേർ ചികിത്സയിൽ

ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചു; കുറ്റിപ്പുറത്ത് 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു, ഗർഭിണിയായ അമ്മ ഉൾപ്പെടെ 5 പേർ ചികിത്സയിൽ

കുറ്റിപ്പുറം: വീട്ടിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്‌നയാണ് മരിച്ചത്. കുട്ടിയുടെ മാതാവും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

വയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ലസ്‌നയ്ക്കൊപ്പം മാതാവ് ഷഹല, സഹോദരി മിൻസ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരും ചികിത്സ തേടിയിരുന്നു. ഗർഭിണിയായ ഷഹലയ്ക്കും മകൾ മിൻസയ്ക്കും കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രിപ്പ് നൽകി ചികിത്സ തുടരുന്നതിനിടെയാണ് ലസ്‌ന പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ ലസ്‌നയുടെ മരണം സംഭവിച്ചത്. പിന്നാലെ മറ്റു കുടുംബാംഗങ്ങളെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടിൽ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹക്കീമിന്റെ വീട്ടിലെത്തി ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചു. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് വ്യക്തത വരാൻ പരിശോധനാ ഫലം നിർണായകമാണെന്ന് അധികൃതർ അറിയിച്ചു.
സംഭവത്തിൽ ആരോഗ്യവകുപ്പും പോലീസും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply