ഇടുക്കി: വാഗമൺ സന്ദർശനത്തിനായി എത്തിയ എറണാകുളം തോപ്പുംപടി സ്വദേശി കൊക്കയിൽ വീണു മരിച്ചു. മരിച്ചയാൾ തോബിയാസ് സി.സി (58), എറണാകുളം തോപ്പുംപടി പി.ഒ.യിലെ കുതുക്കാട്ട് വീട്ടിൽ ചാക്കോയുടെ മകനാണ്. കെ.എസ്.ഇ.ബി-യിലെ വിരമിച്ച എക്സിക്യൂട്ടീവ് എൻജിനീയർ കൂടിയാണ് അദ്ദേഹം.
സംഭവം നടന്നത് ജൂലൈ 24-ന് രാത്രി 8.30 മണിയോടെ കാഞ്ഞാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാഞ്ഞാർ-വാഗമൺ റോഡിൽ കണ്ണിക്കിൽ ചാത്തൻപാറ വി പോയിന്റിന് സമീപമാണ്.
വാഗമൺ സന്ദർശനത്തിനായി എത്തിയ നാല് പേർക്ക് ഒപ്പമാണ് അദ്ദേഹവും എത്തിയത്. വാഗമണ്ണിൽ നിന്ന് തിരികെ വരുമ്പോൾ കാറിൽ നിന്ന് ഇറങ്ങിയതായിരുന്നു. അതിനിടെ പെട്ടെന്ന് തെന്നി താഴേക്ക് പതിക്കുകയായിരുന്നു.
ഇന്ന് (ജൂലൈ 25) പുലർച്ചെ 3.30ഓടെയാണ് കാഞ്ഞാർ പോലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ അദ്ദേഹത്തെ കൊക്കയിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.