ഭരണിക്കാവ് ടൗണിൽ ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനായി പുതിയ ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെയും സ്വകാര്യ ബസുകളുടെയും സ്റ്റോപ്പുകൾ ജംക്ഷനിൽ നിന്ന് നീക്കി സ്റ്റാൻഡിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ജംക്ഷനിൽ ബസുകൾ നിർത്തുന്നത് പൂര്‍ണമായി നിരോധിക്കുകയും നോൺ പാർക്കിംഗ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു.
കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ കുന്നത്തൂർ താലൂക്ക് വികസന സമിതിയുടെ നിർദേശപ്രകാരം ചേർന്ന സർവകക്ഷി യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ രാഷ്ട്രീയ ഇടപെടലിലൂടെ ഉപേക്ഷിച്ചതിനെ തുടർന്നാണ് അധികൃതർ കര്‍ശന നടപടികൾ സ്വീകരിച്ചത്.
കോല്ലം-തേനി, ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാതകൾ, ശാസ്താംകോട്ട, കുമരൻചിറ റോഡുകളിൽ നിന്നുള്ള ബസുകൾ ഇനി ജംക്ഷനിൽ നിർത്താൻ അനുവദിക്കില്ല. അതേസമയം, ജംക്ഷനിലൂടെ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നതും നിയന്ത്രിക്കും. നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
എന്നാൽ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതെയാണ് ബസ് സ്റ്റാൻഡ് പ്രവർത്തനം തുടങ്ങിയതെന്നാരോപിച്ച് പ്രതിഷേധം ശക്തമാവുകയാണ്. കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും, രാത്രി വെളിച്ചത്തിന്റെയും അഭാവം ഉണ്ടെന്നാണ് യാത്രക്കാരുടെ പരാതി.
