You are currently viewing ആംബുലൻസുകൾക്കെതിരെ പരാതി: മിന്നൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്

ആംബുലൻസുകൾക്കെതിരെ പരാതി: മിന്നൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്

ആംബുലൻസുകളുടെ നിയമലംഘനങ്ങളെ പറ്റിയുള്ള പരാതികൾ നിരന്തരമായി ലഭിച്ച സാഹചര്യത്തിൽ ജില്ലയിലെ വിവിധ ആശുപത്രികൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. ജില്ലാ ആശുപത്രി, മെഡിസിറ്റി ആശുപത്രികളുടെ  പരിസരം കേന്ദ്രീകരിച്ചായിരുന്നു പരിശോധന. 

21 ആംബുലൻസുകൾ പരിശോധിച്ചു. നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ഒരു ആംബുലൻസിനെതിരെ നടപടിയെടുത്തു. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കണ്ട ഡ്രൈവർമാരിൽ ചിലർ വാഹനം ഉപേക്ഷിച്ച് ഓടിയൊളിച്ചു. ഇത്തരത്തിൽ നാല് ആംബുലൻസുകൾ കസ്റ്റഡിയിലെടുത്ത് ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലൈസൻസില്ലാതെ വാഹനം ഓടിക്കുക, റോഡ് നിയമങ്ങൾ ലംഘിക്കുക, വാഹനത്തിന്റെ കാര്യക്ഷമത ഇല്ലാതിരിക്കുക ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ നടത്തിയതിനു 11 കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലയിലെ ആംബുലൻസുകളുടെ നിയമലംഘനം തടയുന്നതിന് ‘ഓപ്പറേഷൻ വൈറ്റ്’ എന്ന പേരിൽ മഫ്തി പരിശോധന തുടരും. 

എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ എ കെ ദിലുവിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഉദ്യോഗസ്ഥരെ മൂന്നു ടീമുകളായി തിരിച്ച് എക്സൈസ് വകുപ്പുമായി ചേർന്നാണ്  പരിശോധന നടത്തിയത്.  എം.വി.എമാരായ അനിൽ, ദീപു, എക്സൈസ് വകുപ്പ് ഇൻസ്പെക്ടർ സന്തോഷ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ ആർ ജി വിനോദ്, സഹാല്ലുദ്ദീൻ പ്രിവന്റി ഓഫീസറായ ടി.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply