കായികമുന്നേറ്റവും സ്വയംരക്ഷയുടെ കായിക മികവും സമംചേര്‍ത്ത പദ്ധതികളിലൂടെ യുവതയ്ക്ക് കരുത്ത്പകരുകയാണ് പോരുവഴി ഗ്രാമപഞ്ചായത്ത്. പോരുവഴി ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാദമിയും നിര്‍ഭയ കരാട്ടെ ക്ലാസുമാണ് ഗ്രാമത്തിന്റെ പുതുതലമുറയുടെ ആവേശം.
ഇതുവരെ 450ലധികം കുട്ടികള്‍ ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലനംനേടി. 150 കുട്ടികളാണ് തുടരുന്നത്. പ്ലാന്‍ ഫണ്ടില്‍നിന്ന് 10.5 ലക്ഷം രൂപ വകയിരുത്തിയാണ് കായിക ഉപകരണങ്ങളും ജഴ്സിയും സജ്ജമാക്കിയത്. അഞ്ച് മുതല്‍ 14 വയസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പരിശീലനം ഉറപ്പാക്കുന്നത്. ചക്കുവള്ളി പഞ്ചായത്ത് ഗ്രൗണ്ട് കേന്ദ്രമാക്കിയാണ് അക്കാദമിയുടെ പ്രവര്‍ത്തനം. സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരമുള്ള പരിശീലകരാണ് നേതൃത്വംനല്കുന്നത്.
സെലക്ഷന് ട്രയല്‍സിലൂടെ കുട്ടികളെ ഷോര്‍ട് ലിസ്റ്റ് ചെയ്താണ് തിരഞ്ഞെടുപ്പ്. പരിശീലനം നേടിയവര്‍ ജില്ലാ- സംസ്ഥാനതലങ്ങളില്‍ മത്സരിക്കുന്നതിന് അര്‍ഹതനേടി. എല്ലാ ഞായറാഴ്ചകളിലും രാവിലെ 6.30 മുതല്‍ 10 മണി വരെയാണ് പരിശീലനസമയം.
സ്വയംപ്രതിരോധശേഷിയും ആത്മവിശ്വാസവുംവളര്ത്താന് പോരുവഴി ഗ്രാമപഞ്ചായത്തിലെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ കരാട്ടെ പരിശീലനം നല്കുന്ന പദ്ധതിയാണ് ‘നിര്‍ഭയ’. 2022-23 സാമ്പത്തിക വര്‍ഷം തനത് ഫണ്ടില്‍ നിന്നും 2 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തി. ഗ്രാമപഞ്ചായത്ത് ഭരണസമിതി അഭിമുഖം നടത്തിയാണ് വനിതാപരിശീലകയെ തിരഞ്ഞെടുക്കുന്നത്. രണ്ട് ബാച്ചുകളിലായാണ് പരിശീലനം. ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് മുന്ന് മുതല്‍ 5.30 വരെ പഞ്ചായത്ത് ഹാളിലാണ് ക്ലാസ്. 180 പെണ്‍കുട്ടികള്‍ പരിശീലനം നേടി.
ഗുണനിലവാരമുള്ള കായികപഠനം ഉറപ്പുവരുത്താനും കുട്ടികളെ വിവിധ കായികവിനോദങ്ങള്‍ പരിശീലിപ്പിക്കാനുമായി പോരുവഴി ഗ്രാമപഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷം കേന്ദ്ര ഫിനാന്‍സ് കമ്മീഷന് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വകയിരുത്തി. ജി.എല്‍.പി.എസ് കമ്പലടി, എസ്.കെ.വി എല്‍പിഎസ് ചാത്താകുളം, ജി.യു.പി.എസ് ഇടയ്ക്കാട് എന്നീ സ്കൂളുകളിലെ കുട്ടികള്‍ക്ക് കായിക ഉപകരണങ്ങള്‍ വിതരണംചെയ്തു. ക്രിക്കറ്റ് കിറ്റ്, നെറ്റും പന്തുകളും അടങ്ങുന്ന വോളിബോള്‍ കിറ്റ്, ചെസ്സ് കിറ്റ്, ബാഡ്മിന്റണ്‍ റാക്കറ്റുകള്‍, കോക്കുകള്‍ എന്നിവയാണ് നല്‍കിയത്. സ്കൂളിലെ കായികഅധ്യാപകരുടെ മേല്‍നോട്ടത്തിലാണ് തുടര്‍പരിശീലനം.
വളര്‍ന്നുവരുന്ന തലമുറയുടെ മാനസിക-ശാരീരിക ആരോഗ്യം ഉറപ്പാക്കുന്നതിനും ലഹരിയില്‍നിന്ന് അകറ്റുന്നതിനുമാണ് പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് വ്യക്തമാക്കി.