കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ മൂന്നു ഷട്ടറുകളും തുറന്നു. ഒന്നും മൂന്നും ഷട്ടറുകൾ 20 സെൻ്റീമീറ്ററും രണ്ടാമത്തെ ഷട്ടര്‍ 50 സെന്റീമീറ്ററും ഉയര്‍ത്തിയാണ് ജലം പുറത്തേക്ക് ഒഴുക്കുന്നത്.
ഇതുമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാൽ കക്കാട്ടാറിന്റെയും, പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദിയില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ അറിയിച്ചു.
ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ കക്കി – ആനത്തോട് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തീർത്ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണിയിലും മറ്റു സ്ഥലങ്ങളിലും നദിയിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട അതിശക്തമായ മഴയുള്ളതിനാൽ താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട്, പ്രാദേശിക വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. മലയോര മേഖലയിലും വനത്തിലും മഴ ശക്തമാകുന്നത് മലവെള്ളപ്പാച്ചിൽ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത എന്നിവ വർധിപ്പിക്കുന്നതിനാൽ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കലക്ടർ മുന്നറിയിപ്പ് നൽകി.
അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), മണിമല (തോണ്ട്ര സ്റ്റേഷൻ) നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.