മലപ്പുറം:ഓണ വിപണിയില്‍ കുറഞ്ഞ വിലയില്‍ ആവശ്യസാധനങ്ങള്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന നടത്തുന്ന ഓണ ചന്തകള്‍ ജില്ലയില്‍ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ നാലുവരെ വരെ നടക്കും.
ജില്ലയില്‍ സഹകരണ സംഘങ്ങള്‍ വഴി 114 ചന്തകളും ജില്ലയിലെ ത്രിവേണി യൂണിറ്റുകളായ ചങ്ങരംകുളം, മാറഞ്ചേരി എപ്പോള്‍, വളാഞ്ചേരി, പുലാമന്തോള്‍, തിരൂര്‍, മലപ്പുറം, പരപ്പനങ്ങാടി, വണ്ടൂര്‍ പട്ടിക്കാട്, മഞ്ചേരി, എടക്കര എന്നിങ്ങനെ 12 ചന്തകള്‍ കൂടി 126 ചന്തകള്‍ ആണ് ആരംഭിക്കുന്നത്. സബ്സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് മുഖേന പ്രതിദിനം 75 പേര്‍ക്കാണ് വിതരണം ചെയ്യുന്നത്.
ജയ, കുറുവ, മട്ട, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 ഇന സാധനങ്ങള്‍ സര്‍ക്കാര്‍ സബ്സിഡിയോടെ പൊതു വിപണിയേക്കാള്‍ 30 ശതമാനം മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. പൊതു വിപണിയില്‍ 46 രൂപയുള്ള ജയ അരിയും കുറുവ അരിയും സബ്‌സിഡി നിരക്കില്‍ 33 രൂപയ്ക്കും 51 രൂപയുള്ള കുത്തരി 33 രൂപയ്ക്കും ലഭിക്കും. 42 രൂപയുള്ള പച്ചരി 29 രൂപ, 45.50 രൂപയുള്ള പഞ്ചസാര 34.65 രൂപയ്ക്കും 127.50 രൂപയുള്ള ചെറുപയര്‍ 90 രൂപയ്ക്കും 110 രൂപയുള്ള വന്‍കടല 65 രൂപയ്ക്കും 126 രൂപയുള്ള ഉഴുന്ന് 90 രൂപയ്ക്കും 99 രൂപയുള്ള വന്‍പയര്‍ 70 രൂപയ്ക്കും 130 രൂപയുള്ള തുവരപ്പരിപ്പ് 93 രൂപയ്ക്കും 176 രൂപയുള്ള മുളക് 115.5 രൂപയ്ക്കും 59 രൂപയുള്ള മല്ലി 40.95 രൂപയ്ക്കും 510 രൂപയുള്ള വെളിച്ചെണ്ണ 349 രൂപയ്ക്കും സബ്‌സിഡി നിരക്കില്‍ ലഭിക്കും.
സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ പൊതുമാര്‍ക്കറ്റില്‍ നിന്നും 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ നോണ്‍ സബ്സിഡി സാധനങ്ങളും ത്രിവേണി ഉല്‍പന്നങ്ങളായ മുളക്പൊടി, മല്ലി പൊടി, മഞ്ഞള്‍ പൊടി, തേയില,വെളിച്ചെണ്ണ തുടങ്ങി 51 ഇനങ്ങളും മറ്റു പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളും സഹകരണ സംഘങ്ങളുടെ ഉത്പന്നങ്ങളും വില്‍പ്പന നടത്തുന്നതിന് സജ്ജമാക്കിയിട്ടുണ്ട്.
