ഇടുക്കി/തൊടുപുഴ: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ വെട്ടേറ്റു ഒരാൾ മരിച്ചു.മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കരിമണ്ണൂരിൽ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
കരിമണ്ണൂർ കിളിയറ പുത്തൻപുര സ്വദേശി വിൻസെന്റ് (45) ആണ് മരിച്ചത്. ഒരു ഇതരസംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ഉടൻ മുതലക്കോടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിൻസെന്റ് മരിച്ചിരുന്നു. പരിക്കേറ്റ തൊഴിലാളിയെ പിന്നീട് ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രനെ കരിമണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിന് പിന്നാലെ ഉണ്ടായ സംഘർഷത്തിലാണ് വെട്ടേറ്റതെന്നാണ് പ്രാഥമിക വിവരങ്ങൾ.
സംഭവത്തിൽ ബിനുവിനൊപ്പം ഉണ്ടായിരുന്ന ചില സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
