പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ക്ഷീരമേഖലയിൽ നേടിയ നേട്ടങ്ങൾക്കായി ‘എ പ്ലസ്’ ഗ്രേഡ് അംഗീകാരം സ്വന്തമാക്കി. മേഖലയിൽ ക്ഷീരകര്‍ഷകര്‍ക്ക് തണലാകുന്ന തൃണകം പദ്ധതി ഉൾപ്പെടെയുള്ള നവീന ഇടപെടലുകളാണ് അംഗീകാരത്തിന് പിന്നിലെ ശക്തി.
പച്ചപ്പുല്ല് ക്ഷാമം മൂലം പശുവളർത്തൽ മേഖല നേരിടുന്ന വെല്ലുവിളികളെ മറികടക്കുന്നതിന്, വൈക്കോൽ, പച്ചപ്പുല്ല്, ചോളം സൈലേജ് എന്നിവ സബ്സിഡിയോടെ ലഭ്യമാക്കുന്ന പദ്ധതിയാണ് തൃണകം. ഇതിലൂടെ പാൽ ഉൽപാദന വർധനവ്, വരൾച്ചാ കാലത്ത് പശുക്കളുടെ ആരോഗ്യം സംരക്ഷിക്കൽ, തീറ്റച്ചെലവ് കുറയ്ക്കൽ, പശുവളർത്തൽ ആകർഷകമായ തൊഴിൽമേഖലയായി മാറ്റൽ എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുകയാണ്.
വൈക്കോൽ കിലോയ്ക്ക് നാല് രൂപയ്ക്കും, പച്ചപ്പുല്ലും സൈലേജും മൂന്ന് രൂപയ്ക്കുമാണ് നൽകുന്നത്. ഒരു കറവപ്പശുവിൽ നിന്ന് 10 ലിറ്റർ വരെ പാൽ അളക്കുന്ന ക്ഷീരകര്ഷകന് ദിവസേന അഞ്ച് കിലോ വൈക്കോൽ / 20 കിലോ പച്ചപ്പുല്ല് / ഏഴ് കിലോ സൈലേജ് എന്ന രീതിയിലാണ് സബ്സിഡി അനുവദിക്കുന്നത്. കര്‍ഷകര്‍ 10,000 രൂപ മുടക്കി സാധനങ്ങള്‍ വാങ്ങുമ്പോള്‍ 5,000 രൂപ സബ്സിഡിയായി അക്കൗണ്ടിൽ ലഭിക്കും.
പദ്ധതിക്കായി 8.46 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. 27 ക്ഷീരോൽപാദക സംഘങ്ങളിലെ അംഗങ്ങളായ പാലളക്കുന്ന കര്‍ഷകരില്‍ നിന്ന് ഗ്രാമപഞ്ചായത്തുകളിലൂടെ ഗുണഭോക്താക്കളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വലിയ വില കൊടുത്ത് വൈക്കോൽ വാങ്ങേണ്ട സാഹചര്യം ഒഴിവാക്കി, കര്‍ഷകര്‍ക്ക് ഗണ്യമായ ആശ്വാസം ലഭിക്കുന്നു.
കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി തൃണകം പദ്ധതി വിജയകരമായി നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്ത്, പിറവന്തൂർ, വിളക്കുടി, തലവൂർ, പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര പഞ്ചായത്തുകളിലെ ആയിരത്തോളം കര്‍ഷകര്‍ക്ക് ആനുകൂല്യം നൽകി. 2025–26 സാമ്പത്തിക വര്‍ഷം 1,200 ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അറിയിച്ചു.
