ഏറ്റുമാനൂർ പുന്നത്തുറയിൽ നിയന്ത്രണം നഷ്ടപ്പെട്ട 108 ആംബുലൻസ് എതിർദിശയിൽ വന്ന കാറിൽ ഇടിച്ച് മറിഞ്ഞ് നഴ്സ് ദാരുണമായി മരിച്ചു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
കട്ടപ്പന സ്വദേശിയായ മെയിൽ നഴ്സ് ജിതിൻ ആണ് മരണപ്പെട്ടത്. പരിക്കേറ്റ ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ഷിനി, തങ്കമ്മ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഏറ്റുമാനൂർ–പാലാ റോഡിലെ പുന്നത്തുറ കവലയിൽ ആണ് അപകടം നടന്നത്. ഇടുക്കിയിൽ നിന്നും രോഗിയുമായി എത്തിയ ആംബുലൻസ് റോഡരികിലേക്ക് തെന്നിമാറി എതിർദിശയിൽ വന്ന കാറിൽ ഇടിച്ചാണ് മറിഞ്ഞത്.
അപകടത്തിൽ ആംബുലൻസ് തകർന്നതോടൊപ്പം കാറിനും ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. നാട്ടുകാർ ഓടിയെത്തി പരിക്കേറ്റവരെ മൂന്നു വാഹനങ്ങളിലായി ആശുപത്രിയിലേക്ക് മാറ്റി. ഭാഗ്യവശാൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
സംഭവത്തെ തുടർന്ന് ഏറ്റുമാനൂർ–പാലാ റോഡിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.
