സീപോർട്ട്-എയർപോർട്ട് റോഡിൻ്റെ രണ്ടാം ഘട്ട നിർമ്മാണത്തിലുൾപ്പെടുന്ന എച്ച് എം.ടി മുതൽ എൻ.എ.ഡി വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിനായി 17.31 കോടി രൂപയുടെ ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. സാങ്കേതികാനുമതി കൂടി ലഭ്യമാക്കി ഈ ഭാഗത്തിൻ്റെ ടെണ്ടർ ഉടനെ നടത്താനും തീരുമാനിച്ചു.
എച്ച്.എം.ടി ഭാഗത്ത് 45 മീറ്റർ വീതിയിൽ 600 മീറ്റർ നീളത്തിലാണ് റോഡ് നിർമ്മിക്കുന്നത്. ഇതിനായി ഭൂമിക്കുള്ള വില സുപ്രീം കോടതി നിർദ്ദേശപ്രകാരം ബാങ്കിൽ നിക്ഷേപിച്ചു കഴിഞ്ഞു. ഭൂമി കൈമാറി ലഭിക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പ് അതിവേഗത്തിൽ പൂർത്തിയാക്കി വരികയാണ്. എച്ച്. എം.ടിയുടെ 215 ഹെക്ടർ ഭൂമിയിൽ നിന്ന് നിർമ്മാണ സ്ഥലത്തെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടിയും ഉടൻ പൂർത്തിയാക്കും.
എൻ.എ.ഡിയുടെ ഭാഗത്തെ റോഡ് നിർമ്മാണത്തിനായുള്ള നടപടികളും ത്വരിതപ്പെടുത്തുകയാണ്. എൻ.എ.ഡിക്ക് നൽകേണ്ട 32. 26 കോടി രൂപ സർക്കാർ നേരത്തെ അനുവദിച്ചിട്ടുണ്ട്. ഈ ഭാഗത്തെ സ്കെച്ച് നേരത്തെ തയ്യാറാക്കിയതിനാൽ തുടർ നടപടികൾക്ക് കാലതാമസമുണ്ടാവില്ല. ഇതോടൊപ്പം വീതി കൂട്ടി നിർമ്മിക്കുന്ന എൻ.എ.ഡി തൊരപ്പ് റോഡിൻ്റെ ടെണ്ടറും ഉടൻ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനൊപ്പം തന്നെ എൻ.എ.ഡി-മഹിളാലയം ഭാഗത്തിൻ്റെ ടെണ്ടർ ഡിസംബറിൽ പുറപ്പെടുവിക്കും. 6.5 കി.മീറ്റർ ദൈർഘ്യമുള്ള ഈ ഭാഗത്തിൻ്റെ ഭൂമി ഏറ്റെടുക്കൽ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് 569.34 കോടി രൂപ കിഫ്ബി നേരത്തെ അനുവദിച്ചിരുന്നു. ഏറ്റെടുത്ത ഭൂമിയിലെ 90 ശതമാനം അവാർഡുകളും ഡിസംബറിൽ പൂർത്തിയാക്കിയതിനുശേഷം ടെണ്ടറിലേക്ക് കടക്കും, മന്ത്രി കൂട്ടിച്ചേർന്നു
