ഇടുക്കി ജില്ലയിലെ കട്ടപ്പന പാറക്കടവ് ഭാഗത്ത് നടന്ന ഡ്രെയിനേജ് ശുചീകരണ അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരണപ്പെട്ടു. തമിഴ്നാട് സ്വദേശികളായ ജയരാമൻ , സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്.
ഹോട്ടലിന് സമീപമുള്ള മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൈക്കിൾ ആദ്യം അപകടത്തിൽ പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. അദ്ദേഹത്തെ രക്ഷിക്കാനിറങ്ങിയ സഹപ്രവർത്തകരായ സുന്ദരപാണ്ഡ്യനും ജയരാമനും അതേ അപകടത്തിൽപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ നടന്നുവെങ്കിലും മൂന്നുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ഡ്രെയിനേജിനുള്ളിൽ ഓക്സിജന്റെ അഭാവവും വിഷവാതകങ്ങൾ ശ്വസിച്ചതുമാണ് മരണത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ശുചീകരണം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തെ തുടർന്ന് ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി. മൃതദേഹങ്ങൾ കട്ടപ്പന താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
