കൊല്ലം ∙ കിടപ്പുരോഗിയായ ഭർത്താവിന് വിഷം നൽകി ഭാര്യ ആത്മഹത്യ ചെയ്ത ദാരുണ സംഭവം പുത്തൂരിനടുത്ത് മാറനാട് കടലായ്മഠം ക്ഷേത്രത്തിന് സമീപം നടന്നു. സി എഫ് നിവാസിലെ സുശീല (67) ആണ് ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിലായ ഭർത്താവ് ചന്ദ്രശേഖരൻ പിള്ള (രമണൻ പിള്ള, 72)യെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. വീടിനുള്ളിൽ ഇരുവരും കുഴഞ്ഞുകിടക്കുന്നതായി നാട്ടുകാർ കണ്ടതോടെയാണ് വിവരം പൊലീസിന് അറിയിച്ചത്. എഴുകോൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുശീലയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ: 1056, 0471-2552056
