മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും അതീവ കർശനമായ സുരക്ഷാ സന്നാഹങ്ങൾ ഏർപ്പെടുത്തി. തീർത്ഥാടകർക്ക് സുരക്ഷിതമായ യാത്രയും ദർശനവും ഉറപ്പാക്കുന്നതിനായി സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാക്കി.
പോലീസും ദേവസ്വം ബോർഡ് അധികൃതരും സംയുക്തമായി പ്രധാന കേന്ദ്രങ്ങളിലായി ഏകദേശം 450 സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ക്യാമറകളുടെ ദൃശ്യങ്ങൾ പൊലീസ്–ദേവസ്വം ബോർഡ് സംയുക്തമായി പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ വഴി നിരീക്ഷിക്കപ്പെടുന്നു. ശബരിമലയുടെ മുക്കും മൂലയും 24 മണിക്കൂറും കണ്ണിമവെട്ടാതെ നിയന്ത്രണത്തിലുണ്ടാകുന്നത് അടിയന്തര സാഹചര്യം വന്നാലുടൻ ഇടപെടൽ സാധ്യമാക്കുന്നു.
പോലീസ് വകുപ്പിന്റെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ 90-ഓളം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. തീർത്ഥാടന പാതയിലും പ്രധാന വിശ്രമ കേന്ദ്രങ്ങളിലുമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേവസ്വം ബോർഡ് 345 ക്യാമറകൾ ക്രമീകരിച്ചു. മരക്കൂട്ടം, നടപ്പന്തൽ, സോപാനം, ഫ്ലൈഓവർ, മാളികപ്പുറം, പാണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങൾ മുഴുവനും നിരീക്ഷണ പരിധിയിലായി.
പോലീസും ദേവസ്വം ബോർഡും വിവരങ്ങൾ പരസ്പരം പങ്കുവെച്ച് സംയുക്തമായി പ്രവർത്തിക്കുന്നതാണ് ഈ പഴുതടച്ച സുരക്ഷാ സംവിധാനം ഫലപ്രദമാക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിലും നിയമലംഘനങ്ങൾ തടയുന്നതിലും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും ഈ നിരീക്ഷണ സംവിധാനം വലിയ സഹായമാണ്. ഇതോടെ തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷിതത്വവും ആത്മവിശ്വാസവും ലഭിക്കുന്നതായി അധികൃതർ അറിയിച്ചു.
