കർണാടകയിലെ ചിക്കബനാവറയിൽ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ വന്ദേഭാരത് എക്സ്പ്രസ് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ ദാരുണമായി മരണമടഞ്ഞു. പത്തനംതിട്ട സ്വദേശികളായ ജസ്റ്റിൻ ജോസ് (21), സ്റ്റെറിൻ എൽസ ഷാജി (19) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ബംഗളൂരു–ബെലഗാവി വന്ദേഭാരത് എക്സ്പ്രസ് പാഞ്ഞുവന്നപ്പോൾ ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ച ഇരുവരെയും തീവണ്ടി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ ഇരുവരും മരണമടഞ്ഞതായി പോലീസ് അറിയിച്ചു.
ബിഎസ്സി നഴ്സിംഗ് രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികളായ ഇവർ ചിക്കബനാവറയിലെ സപ്തഗിരി നഴ്സിംഗ് കോളേജിൽ പഠിച്ചു വരികയായിരുന്നു. ക്ലാസുകൾ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടമെന്നാണ് പ്രാഥമിക കണ്ടെത്തൽ.
