You are currently viewing വാല്‍പാറ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി ജില്ലാ ഭരണകൂടം

വാല്‍പാറ ദുരന്തം: രക്ഷാപ്രവര്‍ത്തനത്തില്‍ ഒറ്റക്കെട്ടായി ജില്ലാ ഭരണകൂടം

മലപ്പുറം: നാടിനെ നടുക്കിയ വാല്‍പാറ വാഹനാപകട ദുരന്തത്തെ നേരിടുന്നതില്‍ മലപ്പുറം ജില്ലാ ഭരണകൂടം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. അപകടം നടന്ന നിമിഷം മുതല്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ റവന്യൂ, ആരോഗ്യ, പോലീസ് വകുപ്പുകള്‍ ഏകോപിതമായി ഇടപെട്ടത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കാരണമായി.

വെള്ളിയാഴ്ച വൈകുന്നേരം അപകടവാര്‍ത്ത പുറത്ത് വന്നതോടെ മലപ്പുറം ജില്ലാ ഭരണകൂടം അടിയന്തരമായി സജ്ജമായി. മലപ്പുറം ജില്ലാ കളക്ടര്‍ കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ പവന്‍ കുമാര്‍ ജി. ഗിരിയപ്പനവറുമായി നിരന്തരം ബന്ധം പുലര്‍ത്തി, അപകടത്തില്‍പെട്ടവര്‍ക്ക് ആവശ്യമായ അടിയന്തര സഹായങ്ങള്‍ ഉറപ്പാക്കി. രണ്ട് ജില്ലകളുടെയും ഭരണകൂടങ്ങള്‍ തമ്മിലുള്ള മികച്ച ഏകോപനം ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ആറോടെ തന്നെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ സാധിച്ചു. തുടര്‍ന്ന് രാവിലെ ഒന്‍പതോടെ ഔദ്യോഗിക അകമ്പടിയോടെ മൃതദേഹങ്ങള്‍ അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിച്ചു. പൊതു വിദ്യാഭ്യാസ മന്ത്രി, ജനപ്രതിനിധികള്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, പെരിന്തല്‍മണ്ണ സബ്കളക്ടര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്തിമ ആദരാഞ്ജലി അര്‍പ്പിച്ചു.

അപകട വിവരം ലഭിച്ചതോടെ പെരിന്തല്‍മണ്ണ സബ് കളക്ടര്‍ സാക്ഷി മോഹന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് നിന്നുള്ള തഹസില്‍ദാര്‍, ഡോ. ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, പോലീസ് എന്നിവര്‍ പൊള്ളാച്ചിയിലെത്തി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. കൂടാതെ പാലക്കാട് നിന്ന് എ.ഡി.എം, റവന്യൂ ഉദ്യോഗസ്ഥര്‍, പോലീസ്, മെഡിക്കല്‍ സംഘം എന്നിവരടങ്ങിയ സംഘവും ദൗത്യത്തില്‍ പങ്കുചേര്‍ന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും, അവരുടെ ആരോഗ്യനില ഭരണകൂടം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply