
റാന്നി: അയർലൻഡിൽ നഴ്‌സായി ജോലി ചെയ്തിരുന്ന മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ വെച്ച് നിര്യാതയായി. റാന്നി സ്വദേശിനിയായ ഷെറിന്‍ എബ്രഹാം (43) ആണ് മരിച്ചത്.

റാന്നി ഇട്ടിയപ്പാറ മധുരംകോട്ട് കുടുംബാംഗമാണ് പരേത. 2023 മുതൽ അയർലൻഡിലെ കൗണ്ടി ഓഫ്ലിയിൽ സ്ഥിതിചെയ്യുന്ന എസ്കർ ആർ.ഐ നഴ്‌സിംഗ് ഹോമിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു. ഇതിന് മുൻപ് ദുബായിലെ എമിറേറ്റ്സ് ആശുപത്രിയിലും സേവനം അനുഷ്ഠിച്ചിരുന്നു.
കഴിഞ്ഞ മാസം ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ കുറവ് കണ്ടെത്തിയിരുന്നു. തുടർന്ന് ചികിത്സയ്ക്കായി നാട്ടിലെത്തിയ ഷെറിന്‍, ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഭർത്താവ്: അങ്ങാടി പുല്ലൂപ്രം കടയ്‌ക്കേത്ത് (മുരിക്കേത്ത്) സോനു തോമസ്. രണ്ട് മക്കൾ ഉണ്ട്.