You are currently viewing വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മകനും മരിച്ചു.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മകനും മരിച്ചു.

പുതുപ്പള്ളി: എറ്റുമാനൂർ പട്ടിത്താനത്ത് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മയും മകനും മരിച്ചു.
പയ്യപ്പാടി വെന്നിമല കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജീഷിന്റെ ഭാര്യ ഗീത അജീഷ് (46), മകൻ എബൽ അജീഷ് (19) എന്നിവരാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.

ഫെബ്രുവരി ഒന്നിന് എറണാകുളം മകന്റെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി പോയി മടങ്ങുന്നതിനിടെയാണ് അജീഷും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. തവളക്കുഴിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കുടുംബാംഗങ്ങൾക്കെല്ലാം ഗുരുതരമായി പരിക്കേറ്റിരുന്നു.

എബലിന്റെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലക്ഷങ്ങൾ ആവശ്യമായി വന്നപ്പോൾ പുതുപ്പള്ളി ഗ്രാമം ഒന്നടങ്കം കുടുംബത്തിനായി കൈകോർത്തിരുന്നു. നാലാം വാർഡിലെ ജനകീയ സമിതിയും പ്രവർത്തകരും ചേർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ലക്ഷങ്ങൾ സമാഹരിച്ച് നൽകിയെങ്കിലും, നാടിന്റെ മുഴുവൻ പ്രാർത്ഥനകളെയും വിഫലമാക്കി എബൽ മരണത്തിന് കീഴടങ്ങി. ആ ആഘാതം മാറും മുമ്പേ തൊട്ടുപിന്നാലെ മാതാവ് ഗീതയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

പയ്യപ്പാടി ഏബനേസ്സർ സഭാംഗവും സെക്രട്ടറിയുമായ ഗീതയുടെ ഭർത്താവ് അജേഷ് ടി. മാത്യുവിനെയും കുടുംബത്തെയും അപ്രതീക്ഷിതമായി എത്തിയ ഈ ദുരന്തം മുഴുവൻ നാടിനെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാര ചടങ്ങുകൾ പിന്നീട് തീരുമാനിക്കും.

Leave a Reply