You are currently viewing ആലുവയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതിക്ക് ദാരുണാന്ത്യം

ആലുവയിൽ ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതിക്ക് ദാരുണാന്ത്യം

ആലുവ: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ യാത്ര ചെയ്ത യുവതി വാഹനാപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്തായിരുന്നു അപകടം നടന്നത്.

റോഡരികിൽ നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി സിഗ്നൽ നൽകാതെ അപ്രതീക്ഷിതമായി വലത്തേക്ക് തിരിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഈ സമയം ആലുവയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന അശ്വിൻ ആന്റണിയുടെ ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാറിൽ ഇടിച്ച് മറിഞ്ഞു.

റോഡിൽ തലയടിച്ച് വീണ നന്ദനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ഇടപ്പള്ളിയിലേക്ക് ജോലിക്കായി പോകുന്നതിനിടെയാണ് അശ്വിൻ ആന്റണിയുടെ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയത്.

ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply