ടെക്നോപാർക്കിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. നേമം കല്ലിയൂർ കുഴിത്തലച്ചൽ ശിവപാർവ്വതി ക്ഷേത്രത്തിന് സമീപം കുളത്തുംകര വീട്ടിൽ പരേതനായ അനിൽകുമാറിന്റെയും മീനുവിന്റെയും മകൻ അനന്ദു (23) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. മരംമുറി തൊഴിലാളികളായ അനന്ദുവും സുഹൃത്തും ജോലി കഴിഞ്ഞ് ഡ്യൂക്ക് ബൈക്കിൽ ബൈപാസിലൂടെ ചാക്ക ഭാഗത്ത് നിന്ന് കഴക്കൂട്ടത്തേക്ക് വരുന്നതിനിടയിൽ, കുളത്തൂർ ടിഎസ്സി ആശുപത്രിക്ക് സമീപം എസ്.എൻ. നഗറിൽ മറ്റൊരു ബൈക്കുമായി ഇടിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അനന്ദുവിനെയും കൂട്ടുകാരനെയും നാട്ടുകാർ ചേർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും, അനന്ദുവിനെ രക്ഷിക്കാനായില്ല.
