
പത്തനംതിട്ട ∙ ആഗോള അയ്യപ്പസംഗമത്തില്‍ പങ്കെടുത്തു മടങ്ങവേ ഉണ്ടായ കാര്‍ അപകടത്തില്‍ ഓര്‍ക്കസ്ട്ര സംഘത്തിലെ യുവാവ് മരിച്ചു.
തിരുവനന്തപുരം വെള്ളറട കൊങ്ങല്‍ കോട് അനുഗ്രഹ ഭവനില്‍ രാജുവിന്റെ മകന് ബിനിറ്റ് രാജാ (21) ആണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്നത് ബിനിറ്റ് രാജാ തന്നെയായിരുന്നു.
കൂട്ടത്തില്‍ ഉണ്ടായിരുന്ന നെടുമങ്ങാട് പ്ലാത്തറ വീട്ടില്‍ രജീഷിനും അടൂര്‍ കരുവാറ്റ സ്വദേശി ഡോണിക്കും ചെറിയ പരുക്കേറ്റിട്ടുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച വൈകിട്ട് മൂന്നരയോടെ സംസ്ഥാനപാതയില്‍ റാന്നി മന്ദിരംപടി പ്രദേശത്താണ് അപകടം നടന്നത്. റാന്നി ഭാഗത്തുനിന്ന് വന്ന ഇവർ സഞ്ചരിച്ച ആള്‍ട്ടോ കാറും പത്തനംതിട്ട ഭാഗത്തുനിന്ന് എത്തിയ റാന്നി കരിക്കുളം സ്വദേശിയുടെ ഫോര്‍ച്ച്യൂണര്‍ കാറും കൂട്ടിയിടിക്കുകയായിരുന്നു.
