
വാഗമൺ: സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്‌ക്കായി വാഗമണ്ണിലെത്തിയ യുവാവ് കുളിക്കാനിറങ്ങിയതിനിടെ കയത്തിൽ വീണ് മുങ്ങിമരിച്ചു. ഇടുക്കി നാരകക്കാനം ഡബിൾകട്ടിംഗ് സ്വദേശി പറപ്പനാൽ ബെന്നി ഫ്രാൻസിസിന്റെ മകൻ സിറിൾ (26) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏകദേശം 6.45ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

എറണാകുളത്തെ സ്വകാര്യ ജിമ്മിൽ പരിശീലകനായി ജോലി ചെയ്തിരുന്ന സിറിൾ, ജിമ്മിലെ സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമൊത്ത് വിനോദസഞ്ചാരത്തിനായാണ് വാഗമണ്ണിലെത്തിയത്. കുളിക്കാനായി കയത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സുഹൃത്തുക്കളും പ്രദേശവാസികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സിറിളിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപ്രതീക്ഷിതമായ മരണവാർത്ത നാട്ടുകാരെയും ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി.