You are currently viewing കൊല്ലം മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; 19കാരൻ തേജസിന് ദാരുണാന്ത്യം

കൊല്ലം മുഖത്തലയിൽ ക്ഷേത്രോത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; 19കാരൻ തേജസിന് ദാരുണാന്ത്യം

കൊല്ലം: മുഖത്തല ചെമ്പകശേരി ക്ഷേത്രോത്സവ ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ 19കാരനായ എഞ്ചിനിയറിംഗ് വിദ്യാർത്ഥി കൊല്ലപ്പെട്ടത് പ്രദേശത്തെ നടുക്കി. മുഖത്തല കിഴവൂർ സജീവ് ഭവനിൽ താമസിക്കുന്ന തേജസ്സ് (19) ആണ് മരിച്ചത്.

ഞായറാഴ്ച നടന്ന ഉത്സവ ഘോഷയാത്രയ്ക്കിടെ ഫ്ലോട്ടിന്റെ മുന്നിൽ ചിലർ നൃത്തം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഫ്ലോട്ടിനൊപ്പമുണ്ടായിരുന്ന സംഘാടകരിലൊരാളായ തേജസിന് ഇവരുടെ ഭാഗത്ത് നിന്ന് ചവിട്ടേറ്റതായി പറയുന്നു. ഇതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും, സംഘത്തിലുണ്ടായിരുന്ന ഒരാൾ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് തേജസിനെ കുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരിക്കേറ്റ തേജസിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്സവത്തിന് എത്തിയ യുവാക്കൾ കത്തി പോലുള്ള മാരകായുധങ്ങൾ കൈവശം വച്ചിരുന്നതെങ്ങനെ എന്നതും പൊലീസ് പരിശോധിക്കുന്നു.

പിതാവിനെ ബാല്യത്തിലേ നഷ്ടപ്പെട്ട തേജസിനെ അമ്മ സൗമ്യ കഷ്ടപ്പാടുകൾ സഹിച്ചാണ് വളർത്തിയത്. സിവിൽ സപ്ലൈസ് വകുപ്പിൽ ജോലി ചെയ്യുന്ന സൗമ്യയുടെ പ്രതീക്ഷകളായിരുന്നു മകൻ. എഞ്ചിനിയറിംഗ് പഠനം നടത്തി ഭാവി നിർമ്മിക്കാൻ ശ്രമിച്ചിരുന്ന തേജസിന്റെ അകാലവിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി.

സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഉത്സവങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ശക്തിപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

Leave a Reply