
മുണ്ടക്കയം: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരുക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
കരിനിലം കുഴിപ്പറമ്പിൽ പ്രദീപ് (48) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ചേരിത്തോട്ടം സൗമ്യ (33), ഭാര്യാമാതാവ് ബീന നന്ദൻ (65) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇരുവരും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഭവം പുഞ്ചവയൽ ടൗണിന് സമീപമാണ് ഉണ്ടായത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുകൂട്ടരും നേരത്തെ പോലീസ് സ്റ്റേഷനിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് സൗമ്യയും ബീനയും വാടകവീട്ടിനടുത്തെത്തിയപ്പോൾ പ്രദീപ് ഇവരെ ആക്രമിച്ചത്. ഇരുവരുടെയും ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായത്. നാട്ടുകാർ ആദ്യം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
തുടർന്ന് പ്രദീപ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു. വൈകിട്ട് മൂന്നോടെ പുഞ്ചവയലിന് സമീപമുള്ള തേക്ക് കൂപ്പിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
നാളുകളായി വിജയവാഡയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു പ്രദീപ്. ഭാര്യ സൗമ്യയും മക്കളായ പൂജ, പുണ്യ എന്നിവരും കൂടെയുണ്ടായിരുന്നു. എന്നാൽ കുടുംബ പ്രശ്നങ്ങൾ മൂലം ഏകദേശം ഒരു വർഷം മുമ്പ് സൗമ്യ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതോടെയാണ് പ്രശ്നം കടുത്തത്.
