
പത്തനാപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഴ്സായ യുവതി മരിച്ചു. പത്തനാപുരം കിഴക്കേഭാഗം ശ്രീനിലയത്തിൽ രാജശ്രീ–സോമനാഥൻ ദമ്പതികളുടെ മകൾ ശ്രീരാഗി (34) ആണ് മരിച്ചത്.

പത്തനംത്തിട്ടയിൽ നിന്ന് പത്തനാപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ കൂടലിൽ വച്ചാണ് അപകടമുണ്ടായത്. ശ്രീരാഗി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീരാഗിയെ ഉടൻ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
പത്തനംത്തിട്ട മുത്തൂറ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു ശ്രീരാഗി. സൈനികനായ അരുൺ കുമാറാണ് ഭർത്താവ്. രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സോന ഏകമകളാണ്. മാധ്യമപ്രവർത്തകൻ സുബിചേകത്തിന്റെ സഹോദരിപുത്രിയുമാണ് മരിച്ച ശ്രീരാഗി.
സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ഉച്ചയ്ക്ക് പത്തനംത്തിട്ട കടമ്മനിട്ട വയലത്തലയിലുള്ള ഭർത്തൃഗൃഹത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.