
കൊച്ചി: സംസ്ഥാനത്ത് റോഡ് നികുതി വെട്ടിച്ച് സർവീസ് നടത്തിയ 25 അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തിയ ബസുകളിൽ കൊച്ചിയിൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. വാഹനങ്ങൾക്കെതിരെ വിവിധ ഗതാഗത നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാഹനങ്ങൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് ഉണ്ടായാലും, സർവീസ് നടത്തുന്ന സംസ്ഥാനങ്ങളിൽ അതാത് റോഡ് നികുതി അടയ്ക്കണമെന്ന നിയമം പല ബസുകളും ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തി. കൂടാതെ, അമിതവേഗത, എയർ ഹോൺ ഉപയോഗം, നമ്പർ പ്ലേറ്റുകളിലെ ക്രമക്കേട്, രേഖകളിലെ പിഴവുകൾ തുടങ്ങിയ മറ്റ് നിയമലംഘനങ്ങളും പിടിച്ചെടുത്ത ബസുകളിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
വൈറ്റില, പാലാരിവട്ടം തുടങ്ങിയ കൊച്ചി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് നികുതി വെട്ടിപ്പ് തടയാനുള്ള പ്രത്യേക നടപടിയുടെ ഭാഗമായി മദ്ധ്യമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം എറണാകുളം ആർ.ടി.ഒയും എൻഫോഴ്സ്മെന്റ് ആർ.ടി.ഒയും ചേർന്നാണ് പരിശോധന നടത്തിയത്.
നികുതി വെട്ടിപ്പ് നിയന്ത്രിക്കാനും ഗതാഗത നിയമലംഘനങ്ങൾ തടയാനും സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള സംയുക്ത പരിശോധനകൾ തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.
