You are currently viewing കൊല്ലം നഗരത്തിൽ ഒ.എൻ.വി കുറുപ്പിന് സ്മാരകം നിർമ്മിക്കാൻ ഭരണാനുമതി

കൊല്ലം നഗരത്തിൽ ഒ.എൻ.വി കുറുപ്പിന് സ്മാരകം നിർമ്മിക്കാൻ ഭരണാനുമതി

കൊല്ലം: കേരളത്തിന്റെ പ്രിയ കവിയും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ഒ. എൻ. വി. കുറുപ്പിൻറെ സ്മരണാർത്ഥം കൊല്ലം നഗരത്തിൽ സ്മാരകം നിർമ്മിക്കാൻ സർക്കാർ ഭരണാനുമതി ലഭിച്ചതായി കൊല്ലം എംഎൽഎ എം മുകേഷ് പറഞ്ഞു. 2025–26 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പദ്ധതിക്കാണ് ഇപ്പോൾ സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക അനുമതി ലഭിച്ചത്.

കൊല്ലം നഗരത്തിന്റെ ഹൃദയഭാഗമായ ആശ്രാമം മൈതാനം മുൻവശത്ത് പി.ഡബ്ല്യു.ഡി റോഡുകൾ സംഗമിക്കുന്ന റൗണ്ട് എബൗട്ടിനെ “ഒ.എൻ.വി സ്ക്വയർ” ആയി സജ്ജീകരിക്കുന്നതാണ് പദ്ധതി. ഇവിടെ ഒ.എൻ.വി കുറുപ്പിന്റെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിക്കും. പദ്ധതിക്കായി ഒരു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

2025–26ലെ ബജറ്റിൽ സ്മാരക നിർമ്മാണത്തിനുള്ള പ്രൊപ്പോസൽ സമർപ്പിക്കുകയും തുടർന്ന് ബജറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പദ്ധതിയുടെ നടപ്പാക്കലിനായി സാംസ്കാരിക വകുപ്പ് ഭരണാനുമതി ഉത്തരവ് പുറത്തിറക്കിയതോടെ നിർമ്മാണ നടപടികൾക്ക് തുടക്കമാകും.
സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവർക്ക് എംഎൽഎ നന്ദി അറിയിച്ചു

Leave a Reply