
അടൂര്‍: വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ പാളി അബദ്ധത്തിൽ ശരീരത്തിലേക്ക് മറിഞ്ഞുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റെയും ആര്യയുടെയും മകൻ ദ്രുപത് തനൂജ് (7) ആണ് മരിച്ചത്. ഓമല്ലൂർ കെ.വിയിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.

ഇന്ന് രാവിലെ വീടുപണിക്കായി സൂക്ഷിച്ചിരുന്ന ജനൽ കട്ടള അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വീഴ്ച്ചയിൽ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് കോന്നി താലൂക്ക് ആശുപത്രിയിൽ നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടിലെത്തിച്ചു. ദ്രുപതിന്റെ പിതാവ് അടൂർ ബൈപ്പാസിൽ ‘സ്കൈലൈൻ’ എന്ന പേരിൽ അലുമിനിയം–സ്റ്റീൽ വർക്കുകളുടെ ബിസിനസ് നടത്തി വരികയാണ്
സംസ്കാര ചടങ്ങുകൾ നാളെ നടക്കും.