
പത്തനംതിട്ട: കേരളത്തിന്റെ നൊമ്പരമായി മാറിയ പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് (ആലിൻ മോൾ) ഫെബ്രുവരി 15-ന് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നൽകി. അവയവദാനത്തിലൂടെ നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകി വിടപറഞ്ഞ ഈ കുഞ്ഞുമാലാഖയുടെ യാത്ര നാടിന്റെ കണ്ണീരായി മാറി.

പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ ഷെറിൻ – അഭയ ദമ്പതികളുടെ മകളായ ആലിന് ഫെബ്രുവരി 5-ന് കോട്ടയം പള്ളത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കൊച്ചിയിലെ അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയവേ ഫെബ്രുവരി 13-ന് മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുഞ്ഞിന്റെ ഇരുവൃക്കകളും, കരളും, ഹൃദയവാൽവുകളും ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതിച്ചതിനെ തുടർന്ന് നാല് കുരുന്നുകൾക്കാണ് പുതുജീവൻ ലഭിച്ചത്. മാതാപിതാക്കളുടെ ഈ മഹത്തായ തീരുമാനത്തെ മാനിച്ച് സംസ്ഥാന സർക്കാർ ആലിന് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരം നൽകാൻ തീരുമാനിച്ചു.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാക്കളിൽ ഒരാളായ ആലിന്റെ മൃതദേഹം നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. തുടർന്ന് നെടുങ്ങാടപ്പള്ളിയിലെ സെൻ്റ് തോമസ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്.