You are currently viewing സോളാർ ബോട്ടുകളെല്ലാം ഇനി എസി; സാധാരണക്കാർക്കും ആഡംബര യാത്ര: മന്ത്രി കെ.ബി. ഗണേഷ് കുമാർ

സോളാർ ബോട്ടുകളെല്ലാം ഇനി എസി; സാധാരണക്കാർക്കും ആഡംബര യാത്ര: മന്ത്രി കെ.ബി. ഗണേഷ് കുമാർ

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന് കീഴിൽ സർവീസ് നടത്തുന്ന മുഴുവൻ സോളാർ ബോട്ടുകളും എയർ കണ്ടീഷൻ (എസി) സംവിധാനത്തിലേക്ക് മാറ്റുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. ഇതിലൂടെ കുറഞ്ഞ ചെലവിൽ സാധാരണ യാത്രക്കാർക്ക് കൂടുതൽ സുഖകരമായ യാത്രാസൗകര്യം ഉറപ്പാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന ജലഗതാഗത വകുപ്പും മുഹമ്മ ഗ്രാമ പഞ്ചായത്തും സംയുക്തമായി പാതിരാമണൽ ദ്വീപ്യിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതിയായ ‘കുട്ടനാട് സഫാരി’, ആംഫി തീയേറ്റർ, 30 പേർക്ക് സഞ്ചരിക്കാവുന്ന സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതിനോടനുബന്ധിച്ച് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വേണ്ടി പുതുതായി വാങ്ങുന്ന 650 എസി ബസുകളുടെ പദ്ധതിയിൽ ഒപ്പിട്ടതായും മന്ത്രി അറിയിച്ചു. വനിതകൾക്കായി ആരംഭിക്കുന്ന ‘പിങ്ക് ബസുകളും’ പദ്ധതിയിൽ ഉൾപ്പെടും. ചേർത്തലയുൾപ്പെടെയുള്ള ഇടങ്ങളിൽ സാധാരണക്കാർക്കായി ഓർഡിനറി എസി ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പാതിരാമണൽ ദ്വീപിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മുഹമ്മ പഞ്ചായത്തിന് നല്ലൊരു വരുമാന സ്രോതസ്സായും മാറുമെന്ന് മന്ത്രി പറഞ്ഞു. ദ്വീപിന്റെ പരിസ്ഥിതി പ്രാധാന്യം നിലനിർത്തിയാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നും നാട്ടുകാർ പദ്ധതിയുടെ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
പി. പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനം പ്രകൃതിയോട് കൈകോർത്താകണം നടപ്പാക്കേണ്ടതിന്റെ മികച്ച ഉദാഹരണമാണ് പാതിരാമണലിലെ കുട്ടനാട് സഫാരി പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികൾക്ക് കേരളത്തിൽ നിർബന്ധമായും സന്ദർശിക്കേണ്ട പ്രധാന കേന്ദ്രമായി ഈ വർഷം തന്നെ പാതിരാമണൽ മാറുമെന്നും മന്ത്രി വ്യക്തമാക്കി.

അറബ് രാജ്യങ്ങളിലെ ഡെസർട്ട് സഫാരി മാതൃകയിൽ കുട്ടനാട്ടിലെ ദൈനംദിന ജീവിതചര്യകളും പരമ്പരാഗത കേരളീയ ആചാരങ്ങളും ഭക്ഷണവും സംഗീതവും കലാരൂപങ്ങളും നേരിട്ട് അനുഭവിക്കാൻ സാധ്യമാക്കുന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പ്, മുഹമ്മ ഗ്രാമപഞ്ചായത്ത്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവരുടെ സഹകരണത്തോടെ ആംഫി തീയേറ്റർ നിർമിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

ജലഗതാഗത മേഖലയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ചെലവ് കുറഞ്ഞതും സുരക്ഷിതവും ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ യാത്രാമാർഗം പൊതുജനങ്ങൾക്ക് ലഭ്യമാക്കും. 2.30 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 30 പേർക്ക് സഞ്ചരിക്കാവുന്ന സോളാർ ബോട്ടും, 25 ലക്ഷം രൂപ മുടക്കി പാതിരാമണലിൽ ഒരുക്കിയ ആംഫി തീയേറ്ററും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ‘കുട്ടനാട് സഫാരി’ പദ്ധതി നടപ്പിലാക്കുന്നത്.
പരിപാടിയിൽ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply