You are currently viewing ചികിത്സാ പിഴവ് ആരോപണം; രണ്ടര വയസ്സുകാരി മരിച്ചു

ചികിത്സാ പിഴവ് ആരോപണം; രണ്ടര വയസ്സുകാരി മരിച്ചു

കാട്ടാക്കട: ചികിത്സാ പിഴവ് മൂലം രണ്ടര വയസ്സുള്ള കുഞ്ഞ് മരിച്ചതായി പരാതി. ആര്യനാട് ഷാനിമാ മൻസിൽ ഫാസിലത്തിൻ്റെ മകൾ ഐഷ ഫാത്തിമ (2½) ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാട്ടാക്കടയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നതിനിടെയാണ് പിഴവ് സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

ഇക്കഴിഞ്ഞ 18-ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ കുഞ്ഞിന് തളർച്ച, ശ്വാസതടസ്സം, കൺപോള തടിപ്പ് തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആര്യനാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേന്ന് വീണ്ടും പനിയും തളർച്ചയും ഉണ്ടായതോടെ കാട്ടാക്കടയിലെ മമൽ ആശുപത്രിയിൽ ചികിത്സ തേടി. 20-ന് കൺപോള തടിപ്പിനെ തുടർന്ന് ശ്രീനേത്ര ആശുപത്രിയിലും കാണിച്ചു.

ഞായറാഴ്ച രാവിലെ 11 മണിയോടെ വീണ്ടും തളർച്ചയും ശ്വാസ ബുദ്ധിമുട്ടും ഉണ്ടായതോടെ കുഞ്ഞിനെ മമൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ പരിശോധന നടത്തി രക്തവും മൂത്രവും സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. തുടർന്ന് ശ്വാസതടസ്സത്തിന് ആവിപിടിപ്പിക്കുകയും ഓക്സിജൻ നൽകുകയും ചെയ്തു. പിന്നീട് കയ്യിൽ രണ്ട് ഇഞ്ചക്ഷൻ നൽകിയതോടെ കുഞ്ഞിന്റെ ആരോഗ്യനില വഷളായതായി ബന്ധുക്കൾ ആരോപിക്കുന്നു.

തുടർന്ന് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരും ഒരു നഴ്‌സും ബന്ധുക്കളോടൊപ്പം കുഞ്ഞിനെ ആംബുലൻസിൽ അടിയന്തരമായി നെയ്യാർ മെഡിസിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. എന്നാൽ ഉച്ചയ്ക്ക് 12.55 ഓടെ കുഞ്ഞ് മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചതായി പരാതിയിൽ പറയുന്നു.

സംഭവത്തിൽ ചികിത്സാ പിഴവ് ഉണ്ടായോ എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply