You are currently viewing തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരം

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മുന്നേറ്റത്തിന് വഴിയൊരുക്കി തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട അലൈൻമെന്റിന് സർക്കാരിൻറെ അംഗീകാരം ലഭിച്ചു. ടെക്നോപാർക്കിന്റെ മൂന്ന് ഘട്ടങ്ങൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടറിയേറ്റ്, മെഡിക്കൽ കോളേജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ അലൈൻമെന്റ്.

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. പാപ്പനംകോട് മുതൽ കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴിയായി ഈഞ്ചക്കൽവരെ നീളുന്ന 31 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 27 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. കഴക്കൂട്ടം, ടെക്നോപാർക്ക്, കാര്യവട്ടം എന്നീ മൂന്ന് സ്റ്റേഷനുകൾ ഇന്റർചേഞ്ച് സ്റ്റേഷനുകളായി പ്രവർത്തിക്കും.

പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം മേൽപ്പാലങ്ങളുടെ നിർമ്മാണ ചുമതല ഇതിനകം തന്നെ കെഎംആർഎൽ ഏറ്റെടുത്തിട്ടുണ്ട്. ഇവയിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി യാഥാർത്ഥ്യമായാൽ, ഗതാഗത സൗകര്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാകുകയും അനന്തപുരിയുടെ സമഗ്ര വികസനത്തിന് പുതുഗതിവേഗം നൽകുകയും ചെയ്യും.

Leave a Reply