You are currently viewing കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ആറുകോടിയോളം രൂപ അനുവദിച്ചു

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് ആറുകോടിയോളം രൂപ അനുവദിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിനായി ആറുകോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെന്ന്  കെ. സി. വേണുഗോപാൽ എംപി അറിയിച്ചു. സ്റ്റേഷൻ നവീകരണത്തിനായുള്ള ദീർഘകാല സ്വപ്നമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നത്.

അനുവദിച്ച ഫണ്ടുപയോഗിച്ച് പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് ടൈൽ പാകൽ, ഷെൽട്ടറുകളുടെ നീളം വർദ്ധിപ്പിക്കൽ, ശൗചാലയങ്ങൾ, കാത്തിരിപ്പുമുറികൾ, കുടിവെള്ള സൗകര്യം, യാത്രക്കാരുടെ ഇരിപ്പിടങ്ങൾ, സ്റ്റേഷൻ കെട്ടിടങ്ങളുടെ നവീകരണം, അംഗപരിമിതർക്കായുള്ള സൗകര്യങ്ങൾ, സർക്കുലേറ്റിംഗ് ഏരിയ വികസനം, ലൈറ്റിങ് വർദ്ധിപ്പിക്കൽ ഉൾപ്പെടെയുള്ള വിപുലമായ നിർമ്മാണ- നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

നേരത്തെ പൂർത്തിയായ പാർക്കിംഗ് ഏരിയയും അപ്രോച്ച് റോഡും, ഇടക്കുളങ്ങര–പുള്ളിമാൻ ജംഗ്ഷൻ ലെവൽ ക്രോസിലെ അടിപ്പാത നിർമാണത്തിനുള്ള അനുവദിച്ച ഫണ്ടും സ്റ്റേഷൻ വികസനത്തിന് കരുത്തേകിയതായി എം.പി. വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സുപ്രധാന വികസന പദ്ധതികൾക്കായി ഇപ്പോൾ ആറു  കോടിയോളം  രൂപ അനുവദിച്ചിരിക്കുന്നത്. വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പിന്നാലെ രണ്ടര മാസത്തിനുള്ളിൽ  ടെൻഡർ നടപടികൾ ആരംഭിക്കും.

കോവിഡ് കാലത്ത് നിർത്തിവച്ച രാജ്യറാണി, മംഗലാപുരം എക്സ്പ്രസ്, ചെന്നൈ മെയിൽ, മൈസൂരു–കൊച്ചുവേളി, കേരള എക്സ്പ്രസ്, രപ്തിസാഗർ, ബാംഗ്ലൂർ എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ നടപടികൾ തുടരുമെന്നും എം.പി. പറഞ്ഞു. അടുത്തിടെ ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കുന്നതിനിടെ യുവതിക്ക് സംഭവിച്ച ദാരുണാപകടം ആവർത്തിക്കാതിരിക്കാനായി ലിഫ്റ്റുകളും  കൂടുതൽ ഫുട് ഓവർ ബ്രിഡ്ജുകളും ഏർപ്പെടുത്തുന്നതുമടക്കം കരുനാഗപ്പള്ളി സ്റ്റേഷന്റെ വികസനത്തിന് ഇനിയും ഒട്ടേറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും എംപി പറഞ്ഞു

ഘട്ടംഘട്ടമായി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ശ്രമം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും എം.പി. ഉറപ്പു നൽകി.

Leave a Reply