
അലപ്പുഴ ∼ 2027 സെപ്റ്റംബറിൽ അർത്തുങ്കൽ ഹാർബർ നാടിന് സമർപ്പിക്കുമെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അർത്തുങ്കൽ ഫിഷിംഗ് ഹാർബറിന്റെ മൂന്നാം ഘട്ട പുലിമുട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മാണോദ്ഘാടനം ഹാർബറിന് സമീപം നടന്ന ചടങ്ങിൽ നിർവഹിച്ചശേഷം അദ്ദേഹം പ്രസംഗിക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ദീർഘകാല സ്വപ്നമായ അർത്തുങ്കൽ ഹാർബർ യാഥാർത്ഥ്യമാകുന്നതിൽ സർക്കാർ പ്രതിബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. 2021ൽ സർക്കാർ അധികാരത്തിൽ വന്നതോടെ ഹാർബർ വികസന പദ്ധതികൾക്ക് മുൻഗണന നൽകിയെന്നും, വലിയ കടൽത്തീരമുള്ള ആലപ്പുഴ ജില്ലയിൽ ഹാർബറുകൾ കുറവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നാല് പുതിയ ഹാർബറുകൾ അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ചെത്തി ഹാർബർ നിർമാണം പൂർത്തീകരണഘട്ടത്തിലാണെന്നും, ഹരിപ്പാട് വലിയഴിക്കൽ ഫിഷ് ലാൻഡിങ് സെന്റർ ഹാർബറാക്കി ഉയർത്തിയതായും മന്ത്രി അറിയിച്ചു. അർത്തുങ്കൽ, തോട്ടപ്പള്ളി ഹാർബർ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ 27 ഓളം ഹാർബറുകളുടെ നവീകരണ പ്രവർത്തനങ്ങളും നിലവിൽ നടന്നു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ചടങ്ങിൽ അധ്യക്ഷനായി. അർത്തുങ്കൽ ഹാർബർ നിർമ്മാണത്തിന്റെ ഏറ്റവും നിർണായകമായ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്നും, സാമ്പത്തികവും നിയമപരവുമായ നിരവധി കടമ്പകൾ മറികടന്നാണ് പദ്ധതി ഇത്രയും ദൂരം മുന്നേറിയതെന്നും അദ്ദേഹം പറഞ്ഞു. കടൽക്ഷോഭം പോലുള്ള വെല്ലുവിളികളിൽ നിന്നും മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും മന്ത്രി വ്യക്തമാക്കി.
പുലിമുട്ടുകൾ സ്ഥാപിക്കുന്ന പ്രവർത്തിയുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രിമാർ ചേർന്നു നിർവഹിച്ചു.എഫ്ഐഡിഎഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ₹150.73 കോടി ചെലവിലാണ് അർത്തുങ്കൽ ഹാർബർ നിർമ്മിക്കുന്നത്. പദ്ധതിയിൽ 740 മീറ്റർ നീളമുള്ള തെക്കൻ പുലിമുട്ട്, 190 മീറ്റർ വടക്കൻ പുലിമുട്ട്, വാർഫ്, ലേല ഹാൾ, കയറ്റിറക്ക് ഏരിയ, ലോക്കർ മുറി, ശുചിമുറി ബ്ലോക്ക്, ഐസ് പ്ലാന്റ്, അപ്രോച്ച് റോഡ്, ഓവർഹെഡ് വാട്ടർ ടാങ്ക്, കോമ്പൗണ്ട് വാൾ, ഗേറ്റ്, ഗേറ്റ് ഹൗസ് തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടും.
ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എൻജിനീയർ ഇൻചാർജ് വി.കെ. ലോട്ടസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, അർത്തുങ്കൽ ബസിലിക്ക റെക്ടർ ഫാ. യേശുദാസ്, മത്സ്യ ബോർഡ് അംഗം ടി.എസ്. രാജേഷ്, തീരദേശ വികസന കോർപ്പറേഷൻ അംഗം പി.ഐ. ഹാരിസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
